വേണാട് ഒരു മാസക്കാലയളവിൽ സമയംപാലിച്ചത് ഒരു ദിവസം; പ്രതിഷേധവുമായി യാത്രക്കാർ

കൊച്ചി ∙ ട്രെയിനുകൾ തുടർച്ചയായി വൈകുന്നതിൽ പ്രതിഷേധിച്ചു നാളെ മുതൽ യാത്രക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ റെയിൽവേ ജനറൽ മാനേജർ, ചീഫ് ഓപ്പറേഷൻസ് മാനേജർ, തിരുവനന്തപുരം ഡിആർഎം, ഡിവിഷനൽ ഓപ്പറേഷൻസ് മാനേജർ എന്നിവർക്ക് എസ്എംഎസ്, വാട്സാപ് പരാതികൾ അയയ്ക്കും. പ്രശ്നത്തിൽ റെയിൽവേ മേലധികാരികൾ ഇടപെടുന്നതുവരെ ഇതു തുടരും. 

ട്രെയിൻ വൈകുന്നതു സംബന്ധിച്ചു സംസാരിക്കാൻ ഡിവിഷനൽ ഓപ്പറേഷൻസ് മാനേജരെ ഫോണിൽ വിളിച്ചാൽ സംസാരിക്കാൻ കൂട്ടാക്കുന്നില്ലെന്നു സംഘടനകൾ ആരോപിക്കുന്നു. അറ്റകുറ്റപ്പണിയെക്കാൾ ഓപ്പറേറ്റിങ് വിഭാഗത്തിന്റെ വീഴ്ചയാണു ട്രെയിനുകൾ വൈകാൻ ഇടയാക്കുന്നതെന്നു വ്യക്തമായതോടെ റെയിൽവേ പുതിയ കാരണങ്ങൾ കണ്ടെത്തുന്ന തിരക്കിലാണ്.

പുതിയ സമയക്രമംതന്നെ ട്രെയിനുകൾ വൈകാനിടയാക്കുന്ന സാഹചര്യത്തിൽ അതു പുനഃപരിശോധിക്കണമെന്നാണു പ്രധാന ആവശ്യം. പാത ഇരട്ടിപ്പിക്കിലിന്റെയും വൈദ്യുതീകരണത്തിന്റെയും ആനുകൂല്യങ്ങൾ കേരളത്തിലെ യാത്രക്കാർക്കു ലഭിക്കുന്നില്ലെന്നു റെയിൽവേ യൂസേഴ്സ് കമ്മിറ്റി അംഗം പി. കൃഷ്ണകുമാർ, ഇടപ്പള്ളി പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി ആർ.ഡി. മണികണ്ഠൻ എന്നിവർ പറഞ്ഞു. 

തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ്പ്രസ് വൈകുന്നതു സംബന്ധിച്ചു വ്യാപക പരാതി ഉയർന്നിട്ടും റെയിൽവേ അനങ്ങിയിട്ടില്ല. ഇന്നലെ രാവിലെ 10.35നാണു ട്രെയിൻ എറണാകുളത്ത് എത്തിയത്. ഓടിയെത്താൻ സമയം തികയുന്നില്ലെന്ന കാരണം നിരത്തി വേണാടിന്റെ സമയം നവംബർ ഒന്നു മുതൽ രാവിലെ 10.10 ആക്കിയിരുന്നു. എന്നാൽ, അതിനു ശേഷവും ട്രെയിൻ വൈകിയോടുകയാണ്. ഒക്ടോബർ 20 മുതൽ നവംബർ 20 വരെയുള്ള ഒരു മാസക്കാലത്തു വേണാട് എറണാകുളത്തു കൃത്യസമയത്ത് എത്തിയത് ഒരു ദിവസം മാത്രം. നവംബർ ഏഴിനായിരുന്നു ആ മഹാദ്ഭുതമെന്നു യാത്രക്കാർ പറയുന്നു.

വേണാട് എക്സ്പ്രസ് സർവീസ് ആരംഭിച്ചത് 1972ലാണ്. മീറ്റർഗേജ് പാതയിൽ രാവിലെ 5.30നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടു ട്രെയിൻ 9.30ന് എറണാകുളത്ത് എത്തുമായിരുന്നു. പിന്നീടു ബ്രോഡ്ഗേജ് പാത വന്നു; ട്രെയിൻ ഷൊർണൂരിലേക്കു നീട്ടി. അധികമായി സ്റ്റോപ്പുകളും അനുവദിച്ചു. 

കാലം മാറിയതോടെ പൂർണമായും വൈദ്യുതീകരിച്ച പാതയും വന്നു. ആകെ സഞ്ചരിക്കുന്ന 327 കിലോമീറ്ററിൽ 291 കിലോമീറ്റർ ഇരട്ടപ്പാത വന്നെങ്കിലും രാവിലെ അഞ്ചിനു തിരിച്ചാലും 10.10നു മുൻപുപോലും എറണാകുളത്ത് എത്താത്ത ട്രെയിനായി വേണാട് മാറി. 40 കിലോമീറ്ററാണു ശരാശരി വേഗം. 

എന്നാൽ, പ്രധാന പാതയിൽ പ്ലാറ്റ്ഫോം ഇല്ലാത്ത  ചെറിയ സ്റ്റേഷനുകളിൽ നൽകിയ അനാവശ്യ സ്റ്റോപ്പുകളാണു ട്രെയിൻ‍ വൈകിക്കുന്നതെന്നാണു റെയിൽവേയുടെ നിലപാട്.