ലോകാരോഗ്യ സംഘടനയ്ക്കൊപ്പം ചേർന്ന് ഡെങ്കിയെ പഠിക്കാൻ ആരോഗ്യവകുപ്പ്

മലപ്പുറം ∙ ഡെങ്കിപ്പനിയെ കേരളത്തിൽനിന്നു തുരത്താൻ ലോകാരോഗ്യ സംഘടനയുമായി ചേർന്നുള്ള പഠനത്തിന് ആരോഗ്യവകുപ്പ്. ഈ വർഷം ഡെങ്കിപ്പനി സംസ്ഥാനത്ത് ഒട്ടേറെപ്പേരുടെ ജീവൻ കവർന്ന സാഹചര്യത്തിലാണിത്. അടുത്ത മഴക്കാലത്തിനു മുൻപായി പഠനം പൂർത്തിയാക്കും.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിലാകും പഠനം.

ലോകാരോഗ്യ സംഘടനയിലെ വിദഗ്ധർ പഠനവുമായി സഹകരിക്കും. വൈറസിനുണ്ടായ ജനിതകമാറ്റം മുതൽ രോഗബാധിതരെ ചികിത്സിക്കുന്നതിലെ രീതി വരെയുള്ള കാര്യങ്ങളിൽ പഠനം നടക്കും. കൊതുകു നിവാരണത്തിനുള്ള മാർഗങ്ങളും തേടും.

മെഡിക്കൽ കോളജിലെ മൈക്രോബയോളജി, ശിശുരോഗ വിഭാഗങ്ങൾ, രാജീവ് ഗാന്ധി ബയോടെക്നോളജി സെന്റർ, കോട്ടയത്തെ വെക്ടർ കൺട്രോൾ റിസർച്ച് സെന്റർ, സംസ്ഥാന പൊതുജനാരോഗ്യ ലാബ് എന്നിവിടങ്ങളിലെ ജീവനക്കാരും പഠനസംഘത്തിലുണ്ടാവും. വിദ്യാഭ്യാസ, തദ്ദേശഭരണ വകുപ്പുകളുടെ സഹകരണവും പരിപാടിക്കുണ്ടാവും.

സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 37 പേർ ഡെങ്കിപ്പനി പിടിപെട്ടു മരിച്ചെന്നാണു സർക്കാർ കണക്ക്. രാജ്യത്തെ ഏറ്റവും ഉയർന്ന ഡെങ്കി മരണസംഖ്യയാണിത്. 234 പേർ ഡെങ്കി ലക്ഷണങ്ങളോടെ മരിച്ചു. 64,880 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി. അവരിൽ 19,744 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഈഡിസ് വിഭാഗത്തിലുള്ള കൊതുകാണു ഡെങ്കി പരത്തുന്നത്. വൈറസാണു രോഗകാരണം.