ഓഖി: 29ന് അനുസ്മരണം; തിരുവനന്തപുരം ലത്തീൻ അതിരൂപത പുനരധിവാസ പദ്ധതിക്കു രൂപം നൽകുന്നു

തിരുവനന്തപുരം∙ ഓഖി ദുരന്തത്തിൽ മരിച്ചവരെയും കാണാതായവരെയും അനുസ്മരിച്ചുകൊണ്ട്, ഒരു മാസം തികയുന്ന 29നു വൈകിട്ട് അഞ്ചിനു തലസ്ഥനത്തു സെന്റ് ജോസഫ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ ദിവ്യബലിയും അനുസ്മരണ സമ്മേളനവും നടത്തുമെന്ന് ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം. ഇന്നു ലത്തീൻ അതിരൂപതയിലെ പള്ളികളിൽ വായിക്കേണ്ട ഇടയലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതിരൂപതയുടെ ഒന്നാംഘട്ട പുനരധിവാസ പദ്ധതിയുടെ ഏകദേശ രൂപവും അന്നു നൽകും. അതിനുള്ള ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാൻ എല്ലാ ഇടവകകളും സ്ഥാപനങ്ങളും സന്യാസമന്ദിരങ്ങളും സംഘടനകളും സുമനസ്സുകളും തയാറാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഇന്ന് ഇടവകകളിൽ സമാഹരിക്കുന്ന കാണിക്ക ഇതിനായി പ്രയോജനപ്പെടുത്തും.

സഭാതലത്തിൽ സാധ്യമായ വിഭവങ്ങൾ സമാഹരിച്ചു പുനരധിവാസ പദ്ധതിക്കു രൂപം നൽകിക്കൊണ്ടിരിക്കുകയാണ്. സമാഹരിക്കുന്ന സംഭാവനകൾ ഒരു പൈസയും ചോർന്നുപോകാത്ത വിധത്തിൽ പദ്ധതി സുതാര്യമായി മുന്നോട്ടു കൊണ്ടുപോകണം. സാഹചര്യങ്ങൾ മുതലെടുക്കാൻ ആരെയും അനുവദിക്കരുത്.

തീരദേശത്തിന്റെ സമഗ്ര വളർച്ച ഉന്നംവച്ചുകൊണ്ടുള്ള പുനരധിവാസ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ അതിരൂപതാതല ഏകോപനസമിതിയും വ്യത്യസ്ത പരിപാടികൾക്കു നേതൃത്വം നൽകാൻ കർമസമിതികളും രൂപീകരിച്ചിട്ടുണ്ട്.

തീരപ്രദേശം ഇന്നു സങ്കടക്കടലാണെന്ന് ആർച്ച് ബിഷപ് ചൂണ്ടിക്കാട്ടി. ചുഴലിക്കാറ്റിൽ ധാരാളം പേർ മരിച്ചു. നൂറുകണക്കിനാളുകൾ ഇനിയും മടങ്ങി എത്താനുണ്ട്. രാജ്ഭവൻ മാർച്ചിനുശേഷം ഗവർണറെ കണ്ട് ആവശ്യങ്ങൾ കേന്ദ്രത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നിലപാടു വളരെ അനുകൂലമായിരുന്നു. പലതവണ മുഖ്യമന്ത്രിയെയും ഉത്തരവാദപ്പെട്ടവരെയും കണ്ടു കാര്യങ്ങളുടെ ഗൗരവം ഒന്നുകൂടി ബോധ്യപ്പെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും കാലതാമസം ഉണ്ടാവില്ലെന്ന് അവരെല്ലാവരും ഉറപ്പു നൽകി.

ഇതിനിടെ തൂത്തൂർ ഫൊറോനയിലുള്ളവരെ കാണാൻ തമിഴ്നാട് മുഖ്യമന്ത്രിയും ധന, ഫിഷറീസ് മന്ത്രിമാരും എത്തുകയും ഏതാണ്ടു കേരളത്തിൽ ലഭിച്ചപോലുള്ള പുനരധിവാസ പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുമുണ്ടായെന്നും ആർച്ച് ബിഷപ് സൂസപാക്യം ചൂണ്ടിക്കാട്ടി.