ഓഖി ദുരന്തം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വേദിയായി: വെള്ളാപ്പള്ളി

ആലപ്പുഴ ∙ ഓഖി ദുരന്തം ന്യൂനപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള വേദിയായതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗത്തിന്റെ വാർഷിക റിപ്പോർട്ടും ബജറ്റും അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ചെയ്യാവുന്നത്ര സഹായം നൽകിയിട്ടും മുഖ്യമന്ത്രിയെ വിമർശിക്കുന്നത് അനീതിയാണ്.

ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 22 ലക്ഷം രൂപ വീതം നൽകിയപ്പോൾ മലപ്പുറത്തു തോണി അപകടത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്കു നിസ്സാര തുകയാണ് നഷ്ടപരിഹാരമായി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. തന്നെയും സമുദായത്തേയും വി.എം.സുധീരൻ നിരന്തരം വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. സമുദായത്തെ വിമർശിച്ച എ.സമ്പത്ത് എംപിക്കുള്ള പ്രത്യാഘാതം അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിലുണ്ടാകും. മതശക്തികളെ എതിർക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ നേതാക്കൾ മതനേതാക്കളുടെ വീടുകൾ കയറിയിറങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.