നാവികസേനയ്ക്ക് കൊച്ചി പോർട് ട്രസ്റ്റ് വാർഫിൽ ബെർത്തിങ് സൗകര്യം

കോട്ടയം ∙ നാവികസേനയുടെ കപ്പലുകൾക്കു കൊച്ചിൻ പോർട് ട്രസ്റ്റ് വാർഫിൽ ബെർത്തിങ് സൗകര്യം ലഭിച്ചതു ദക്ഷിണ നാവിക സേനയ്ക്കു കൂടുതൽ സഹായകമാകും.

നിലവിൽ കൊച്ചി നാവിക ആസ്ഥാനത്തിന്റെ കരുത്തു കൂട്ടാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴും കപ്പലുകൾക്കു വേണ്ടത്ര ബെർത്തിങ് (നങ്കൂരമിടൽ) സൗകര്യം ഇല്ലാതിരുന്നതു ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. കടലിൽ നിരീക്ഷണങ്ങളിലും മറ്റും ഏർപ്പെട്ടിട്ടുള്ള കപ്പലുകൾ കൊച്ചിയിലെ സ്ഥലപരിമിതി മൂലം മുംബൈ, വിശാഖപട്ടണം, പോർട്ബ്ലെയർ തുടങ്ങിയ നാവിക കേന്ദ്രങ്ങളിലേക്കു പോകേണ്ട അവസ്ഥയിലായിരുന്നു.

പോർട് ട്രസ്റ്റിന്റെ മട്ടാഞ്ചേരി വാർഫിലെ 228 മീറ്റർ സ്ഥലമാണു നാവിക സേനയ്ക്ക് അഞ്ചു വർഷത്തേക്കു കൈമാറിയത്. ഇതോടെ കൂടുതൽ കപ്പലുകൾ കൊച്ചി നാവിക ആസ്ഥാനത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിനു കീഴിലെത്തും. ഇതു രാജ്യത്തിന്റെ ദക്ഷിണ കടൽ മേഖലകളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാനും സഹായകരമാകും. നിലവിൽ നാവികസേനയ്ക്ക് 660 മീറ്റർ ബെർത്തിങ് ഇടമാണുള്ളത്. ഇനി ഇത് 888 മീറ്ററായി മാറും. വലിയ മാറ്റങ്ങൾക്കു തുടക്കമിട്ട് ഇന്ത്യൻ നാവിക സേന നടപ്പാക്കുന്ന പദ്ധതികൾക്കും പുതിയ നീക്കം സഹായകരമാകുമെന്നും വിലയിരുത്തപ്പെടുന്നു.

കൂടുതൽ കപ്പൽ

നാവിക സേനയ്ക്കായി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പുതുതായി നിർമിക്കപ്പെടുന്നത് – 34 കപ്പലുകൾ

നാവികസേനയ്ക്കു നിലവിലുള്ളത് – 120 കപ്പലുകൾ

വിദേശ രാജ്യങ്ങളിൽ നിന്നു കപ്പലുകൾ വാങ്ങാനും പദ്ധതി