വീരേന്ദ്രകുമാറിന്റേത് കൊടിയ രാഷ്ട്രീയവഞ്ചന: രമേശ്

തിരുവനന്തപുരം∙ യുഡിഎഫ് വിടുന്നതിനു മുമ്പ് അക്കാര്യം ഫോണിലെങ്കിലും അറിയിക്കാൻ കൂട്ടാക്കാതെ കൊടിയ രാഷ്ട്രീയവഞ്ചനയാണ് എം.പി.വീരേന്ദ്രകുമാർ കാട്ടിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലിനു കോഴിക്കോട്ട് കണ്ടപ്പോൾ 11 ന് തിരുവനന്തപുരത്തു വരുമ്പോൾ കാണാമെന്നാണ് അദ്ദേഹം പറഞ്ഞത്. ശേഷം യുഡിഎഫ് വിടുന്നുവെന്ന് അദ്ദേഹം ടെലിവിഷനിൽ പറയുന്നതാണു കാണുന്നത്.

പടയൊരുക്കം ജാഥയിൽ അവരുടെ പ്രതിനിധി കെ.പി.മോഹനൻ 30 ദിവസവും ഉണ്ടായിരുന്നു. അതിന്റെ കോഴിക്കോട്ടെ സ്വീകരണത്തിൽ എൽഡിഎഫിനെതിരെ പ്രസംഗിച്ചയാളാണു വീരേന്ദ്രകുമാർ. അപ്പോഴെല്ലാം എൽഡിഎഫുമായി ഈ ഇടപാടു നടത്തുകയായിരുന്നെങ്കിൽ എത്ര വലിയ രാഷ്ട്രീയ അധാർമികതയാണു വീരേന്ദ്രകുമാർ കാട്ടിയത്? യുഡിഎഫ് ഒരു ലോക്സഭാ സീറ്റും രാജ്യസഭാ സീറ്റും ഏഴു നിയമസഭാ സീറ്റും കൃഷിമന്ത്രി സ്ഥാനവും കൊടുത്തതാണോ അവർക്കുണ്ടായ നഷ്ടങ്ങൾ?

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റു കുറഞ്ഞതിന്റെ പേരി‍ൽ ഒരു രാഷ്ട്രീയകക്ഷി മുന്നണി വിടുന്ന ചരിത്രം കേരളത്തിലുണ്ടായിട്ടില്ല. യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് രാജിവച്ച് അത് എൽഡിഎഫിനു കൊടുത്തശേഷം ആ സീറ്റ് ഉറപ്പിച്ചിട്ടാണ് ഈ മുന്നണിമാറ്റമെന്നു മനസ്സിലാക്കുന്നു. ഇതു ചതിയാണ്. സിപിഎം പോലും കോൺഗ്രസുമായി ചേർന്നു വർഗീയതയെ ചെറുക്കാൻ നോക്കുമ്പോൾ കോൺഗ്രസിനെ ഉപേക്ഷിച്ചു വർഗീയതയെ ചെറുക്കുമെന്ന വീരേന്ദ്രകുമാറിന്റെ പ്രസ്താവന തമാശയാണ്.

ഈ മാറ്റം കൊണ്ടു യുഡിഎഫിന് ഒരു ചുക്കും സംഭവിക്കില്ല. കരിയിലയനക്കം പോലും ഇതു കേരള രാഷ്ട്രീയത്തിലുണ്ടാക്കില്ല–ചെന്നിത്തല പറഞ്ഞു.