യുഡിഎഫ് ലാഭമുണ്ടാക്കി; ദൾ സംപൂജ്യരുമായി: വീരേന്ദ്രകുമാർ

തിരുവനന്തപുരം ∙ യുഡിഎഫിൽ നിന്നു സ്നേഹവും സൗഹാർദവും ലഭിച്ചെങ്കിലും രാഷ്ട്രീയമായി ജനതാദളിനു(യു) നഷ്ടമാണു സംഭവിച്ചതെന്നു സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാർ. തങ്ങൾ കൂട്ടുചേർന്നതുമൂലം യുഡിഎഫിനു ഗുണമേ ഉണ്ടായിട്ടുള്ളൂ. കോഴിക്കോട്, വടകര ലോക്സഭാ സീറ്റുകൾ അവർ വിജയിച്ചത് അതുകൊണ്ടാണ്. കോഴിക്കോട് ജില്ലയിൽ ഒൻപതു പഞ്ചായത്തിൽ മാത്രം അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസ് തങ്ങൾ വന്നശേഷം 36 പഞ്ചായത്തുകൾ നേടി. ദളിന്റെ വിഹിതം ഒന്നിലേക്കു താഴുകയും ചെയ്തു.

കേരളത്തിലെ പല ജില്ലകളിലും ഇങ്ങനെയാണു കണക്ക്. എവിടെയൊക്കെ തങ്ങളുമായി അവർക്കു സഹകരണമുണ്ടായിരുന്നോ, അവിടെയൊക്കെ കോൺഗ്രസിനു ലാഭമേ ഉണ്ടായിട്ടുള്ളു. തങ്ങൾക്ക് ഇടതുമുന്നണിയിൽ നിന്നപ്പോൾ ലഭിച്ച സീറ്റല്ലാതെ മറ്റൊന്നും കിട്ടിയില്ലെന്നു മാത്രമല്ല, ഉള്ളതു കുറയുകയും ചെയ്തു. ഇപ്പോൾ എംഎൽഎമാരില്ലാതെ സംപൂജ്യരുമായി.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ തനിക്കുണ്ടായ തോൽവി ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണ്. കോൺഗ്രസ് 2000 വോട്ടിനു തോറ്റ മണ്ഡലം തങ്ങൾക്കു കിട്ടിയപ്പോൾ പരാജയം ഒരു ലക്ഷത്തിലധികം വോട്ടിനായി. എങ്ങനെ ഇത്രയേറെ വോട്ട് കിട്ടിയെന്നു സിപിഎമ്മിന്റെ സ്ഥാനാർഥിക്കു പോലും അറിയില്ല. യുഡിഎഫ് നല്ല രീതിയിലാണു പെരുമാറിയതെന്നതു മറക്കുന്നില്ല. പക്ഷേ, ഖേദപ്രകടനത്തിന്റെ ആവശ്യമൊന്നുമില്ല.

രാജ്യസഭാ സീറ്റ് തന്നതു ലോക്സഭാ സീറ്റിൽ തോറ്റതു കൊണ്ടല്ല. അർഹതപ്പെട്ടതു ലഭിച്ചതാണ്. യുഡിഎഫ് നൽകിയ ആ സ്ഥാനം വച്ചു മറ്റൊരു തീരുമാനം എടുത്തിട്ടില്ല. യുഡിഎഫ് നേതാക്കളുമായി വ്യക്തിപരമായ ഏറ്റുമുട്ടലിനില്ല. പാർട്ടിക്കു കൂട്ടായ തീരുമാനമെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും വീരേന്ദ്രകുമാർ പറഞ്ഞു.