ബൽറാമിന്റെ പരാമർശത്തിനെതിരെയുള്ള അക്രമവും അധിക്ഷേപവും ശരിയല്ലെന്ന് എസ്എഫ്ഐ

മലപ്പുറം ∙ വി.ടി.ബൽറാം എംഎൽഎയുടെ പരാമർശത്തിനു മറുപടിയായി അക്രമവും അധിക്ഷേപവും നടത്തുന്നതു ശരിയല്ലെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു. ബൽറാം ചെയ്തതിന് അതേരീതിയിൽ മറുപടി കൊടുക്കുന്നതിനോടു യോജിപ്പില്ല. സമൂഹമാധ്യമങ്ങളിലൂടെ വിവാദമുണ്ടാക്കി ശ്രദ്ധ പിടിച്ചുപറ്റാനാണു ബൽറാം ശ്രമിക്കുന്നത്.

ആർക്കും ഏതു കാര്യങ്ങളിലും അഭിപ്രായപ്രകടനം നടത്താം. എന്നാൽ, ആരും ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നവരെ വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അഭിപ്രായം പറയുന്നവരെ അക്രമത്തിലൂടെ നേരിടുന്നതിനോടു യോജിക്കാൻ കഴിയില്ലെന്നും സാനു പറഞ്ഞു.