ബൽറാമിന്റെ ഓഫിസിലേക്ക് സിപിഎം മാർച്ച് നടത്തി

തൃത്താല∙ വി.ടി.ബൽറാം എംഎൽഎയുടെ ഓഫിസിലേക്ക് സിപിഎം നടത്തിയ മാർച്ച് സമാധാനപരമായി സമാപിച്ചു. എകെജിക്കെതിരായ ആക്ഷേപകരമായ പരാമർശങ്ങളിൽ മാപ്പ് പറയും വരെ വി.ടി ബൽറാമിന്റെ പൊതുപരിപാടികൾക്ക് നിസ്സഹകരണം പ്രഖ്യാപിക്കുന്നതായി മാർച്ച് ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ പറഞ്ഞു.

വി.എസ്. അച്യുതനാന്ദൻ ഒളിഞ്ഞ് നോട്ടക്കാരനെന്ന് നിയമസഭയിൽ പറയാൻ ബൽറാമിന് ധൈര്യമുണ്ടോയെന്ന് യോഗത്തിൽ പ്രസംഗിച്ച സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.ചന്ദ്രൻ ചോദിച്ചു. ഇനിയും ഇത്തരം പ്രയോഗങ്ങൾ നടത്തിയാൽ നാക്ക് പിഴുതെടുക്കും. സിപിഎം സംയമനം പാലിക്കുന്നതു കൊണ്ടാണ് ബൽറാമിന് ഇതെല്ലാം പറയാൻ കഴിയുന്നത്. പ്രതികരിക്കാൻ നന്നായി അറിയാവുന്ന പാർട്ടിയാണ് സിപിഎം എന്നും ചന്ദ്രൻ പറഞ്ഞു.