മന്ത്രിപദം: രണ്ടിലൊന്നു തീരുമാനിക്കാൻ എൻസിപിയോടു സിപിഎം

കെ.ബി.ഗണേഷ്കുമാർ, കോവൂർ കുഞ്ഞുമോൻ

തിരുവനന്തപുരം∙ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ രണ്ടിലൊന്നു തീരുമാനിക്കാൻ എൻസിപിയോടു സിപിഎം ആവശ്യപ്പെട്ടു. ഗതാഗത വകുപ്പ് അധികകാലം കയ്യിൽ വയ്ക്കാൻ കഴിയില്ലെന്നു മുഖ്യമന്ത്രി സിപിഎം നേതൃത്വത്തെയും അറിയിച്ചു. മുഖ്യമന്ത്രി തന്നെ ഇക്കാര്യം എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനോടും പറഞ്ഞതായാണു വിവരം.

കുന്നത്തൂർ എംഎൽഎയും ആർഎസ്പി(ലെനിനിസ്റ്റ്) അംഗവുമായ കോവൂർ കുഞ്ഞുമോന്റെ മന്ത്രിസഭാ സാധ്യത ഇതോടെ വർധിച്ചു. കുഞ്ഞുമോനെ എൻസിപിയിലെത്തിച്ചു മന്ത്രിയാക്കണമെന്ന അഭിപ്രായമാണ് എൻസിപിയിലെ ഒരു വിഭാഗം പരിഗണിക്കുന്നത്. തോമസ് ചാണ്ടി വിഭാഗത്തിലെ മാണി സി.കാപ്പനും മറ്റും നടത്തുന്ന ഈ നീക്കത്തിനു പക്ഷേ പൊതു അംഗീകാരം ലഭിക്കണം. കെ.ബി.ഗണേഷ്കുമാറിനെ പരിഗണിക്കണമെന്ന അഭിപ്രായമാണ് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരനുള്ളത്. തൽക്കാലം പുറത്തുനിന്ന് ആരും വേണ്ടെന്ന അഭിപ്രായമാണു മുൻമന്ത്രി എ.കെ.ശശീന്ദ്രന്.

ഈ ഭിന്നത തീർക്കാൻ 29നു ടി.പി.പീതാംബരൻ, വർക്കിങ് കമ്മിറ്റി അംഗങ്ങളായ എ.കെ.ശശീന്ദ്രൻ, തോമസ് ചാണ്ടി എന്നിവരോടു ഡൽഹിയിലെത്താൻ പവാർ ആവശ്യപ്പെട്ടു. കേസുകളിൽനിന്നു മുക്തിയില്ലാത്തതിനാൽ മന്ത്രിപദം രാജിവയ്ക്കേണ്ടിവന്ന തോമസ് ചാണ്ടിയുടെയും എ.കെ.ശശീന്ദ്രന്റെയും തിരിച്ചുവരവ് എളുപ്പമല്ലെന്നാണു സിപിഎമ്മിന്റെ നിഗമനം.

ചാണ്ടി രാജിവച്ചപ്പോൾ താൽക്കാലികമായാണു മുഖ്യമന്ത്രി ഗതാഗതവകുപ്പുകൂടി ഏറ്റെടുത്തത്. എന്നാൽ കെഎസ്ആർടിസി പോലെ പ്രധാനപ്പെട്ട വകുപ്പ്, ഈ പ്രതിസന്ധി ഘട്ടത്തിൽ അധികച്ചുമതലയായി ഏറെനാൾ കൊണ്ടുനടക്കുന്നത് ഉചിതമല്ലെന്ന നിലപാടിലാണു മുഖ്യമന്ത്രി. കേസിൽനിന്നു തലയൂരാനായാൽ മന്ത്രിസ്ഥാനം തിരിച്ചുനൽകുമെന്ന ധാരണയിലാണു ചാണ്ടി ഒഴിഞ്ഞപ്പോൾ മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തത്.

കുറ്റവിമുക്തനായി ആദ്യമെത്തുന്നയാൾക്കു മന്ത്രിസ്ഥാനം നൽകാമെന്ന വിചിത്രമായ ധാരണ എൻസിപിയിലുമുണ്ടായി. അതു നീണ്ടുപോയപ്പോഴാണു സിപിഎം നിലപാടു വ്യക്തമാക്കിയത്. മന്ത്രിസഭയിലെതന്നെ മറ്റൊരാൾക്കു ഗതാഗത വകുപ്പ് കൈമാറേണ്ടി വരുമെന്ന സൂചന മുഖ്യമന്ത്രി പവാറിനു നൽകി. അപ്പോൾ എൻസിപിക്കു മന്ത്രിപദമില്ലാതാകും. അത് ഒഴിവാക്കാനാണ് എൽഡിഎഫിനു പുറത്തുനിൽക്കുന്ന മുന്നണിയുടെ തന്നെ എംഎൽഎമാരായ കെ.ബി.ഗണേഷ് കുമാറിനെയും കോവൂർ കു‍ഞ്ഞുമോനെയും പരിഗണിക്കുന്നത്.

എന്നാൽ ആർ.ബാലകൃഷ്ണപിള്ളയെയും ഗണേഷിനെയും എൻസിപിയിലെത്തിക്കുന്നതിനോടു പാർട്ടിയിൽ എതിർപ്പുണ്ടെന്നതിനാൽ കുഞ്ഞുമോന്റെ സാധ്യത കൂടി. ചാണ്ടിയോ ശശീന്ദ്രനോ കേസിൽനിന്നു മുക്തനായാൽ മന്ത്രിപദം അവർക്കു കൈമാറണമെന്ന വ്യവസ്ഥയോടെ കുഞ്ഞുമോനെ മന്ത്രിയാക്കാനാണ് എൻസിപിയിലെ ഒരു വിഭാഗത്തിന്റെ നീക്കം.