നടി ഉപദ്രവിക്കപ്പെട്ട കേസിൽ പ്രതികളുടെ റിമാൻഡ് നീട്ടി

അങ്കമാലി ∙ യുവനടി ഉപദ്രവിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) ഉൾപ്പെടെയുള്ള പ്രതികളുടെ റിമാൻഡ് 20 വരെ നീട്ടി. തനിക്കെതിരെ വധഭീഷണിയുണ്ടെന്നും ഒരു നിർമാതാവും ഉപദ്രവിക്കപ്പെട്ട നടിയുമാണ് ഭീഷണിപ്പെടുത്തുന്നതെന്നും രണ്ടാം പ്രതി മാർട്ടിൻ കോടതിയെ അറിയിച്ചു. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്നു കോടതിയിൽ ഹാജരാക്കിയപ്പോൾ അടച്ചിട്ട മുറിയിലാണ് മാർട്ടിന്റെ മൊഴി രേഖപ്പെടുത്തിയത്. മാർട്ടിന്റെ പിതാവ് ആന്റണിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

കേസിലെ യഥാർഥ കാര്യങ്ങൾ പുറത്തു പറ‍യരുതെന്ന് ആവശ്യപ്പെട്ടാണ് നിർമാതാവും നടിയും ഭീഷണിപ്പെടുത്തുന്നതെന്നും മാർട്ടിന്റെ പിതാവ് പറഞ്ഞു. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുമ്പോൾ നടി സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർ ആയിരുന്നു മാർട്ടിൻ. 

അതേസമയം, കേസിലെ രേഖകളുടെയും വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്റെയും പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ അപേക്ഷ നാളെ പരിഗണിക്കും. പൊലീസിന്റെ ഭാഗവും നാളെ കേൾക്കും. അനുബന്ധ കുറ്റപത്രം ചോർന്നതു സംബന്ധിച്ച് ദിലീപ് നൽകിയ പരാതിയിൽ കോടതിവിധിയും നാളെയുണ്ടാകും.

മാർട്ടിൻ കോടതിയെ അറിയിക്കാനുള്ള കാര്യങ്ങൾ എഴുതി നൽകി. പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വിചാരണക്കോടതിയുടെ പരിഗണനയിൽ വരുന്നവയാണെന്നും മജിസ്ട്രേട്ട് കോടതിക്ക് ഇടപെടാനാവില്ലെന്നും അറിയിച്ചു. വധഭീഷണി ഉണ്ടെന്നുള്ള പരാതിയിൽ വേണ്ട സുരക്ഷ നൽകാൻ നിർദേശം നൽകാമെന്നും കോടതി അറിയിച്ചു. പൾസർ സുനി ഒഴികെയുള്ള റിമാൻഡ് പ്രതികൾക്കുകൂടി ഇന്നലെ കുറ്റപത്രത്തിന്റെ പകർപ്പ് നൽകി. ഇതോടെ കേസിലെ എല്ലാ പ്രതികളും കുറ്റപത്രം കൈപ്പറ്റി.