തോമസ് ചാണ്ടിയുടെ ഹർജി: മൂന്നാമതും ജഡ്ജി പിൻമാറി

ന്യൂഡൽഹി ∙ നിലംനികത്തലും പുറമ്പോക്കു കയ്യേറ്റവും സംംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടുകൾ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെതിരെ മുൻ മന്ത്രി തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്നു ജസ്റ്റിസ് കുര്യൻ ജോസഫ് പിൻമാറി. തോമസ് ചാണ്ടിയുടെ ഹർജി പരിഗണിക്കുന്നതിൽനിന്ന് ഇതു മൂന്നാം തവണയാണു ജഡ്ജി പിൻമാറുന്നത്. ജഡ്ജിമാരായ അഭയ് മനോഹർ സാപ്രെയും ജസ്റ്റിസ് എ.എം.ഖാൻവിൽക്കറും നേരത്തേ പിൻമാറിയിരുന്നു.

ഇന്നലെ, ജഡ്ജിമാരായ കുര്യൻ ജോസഫ്, അമിതാവ റോയ് എന്നിവരുടെ ബെഞ്ചാണു കേസ് പരിഗണിച്ചത്. കേസ് നമ്പർ വിളിച്ചപ്പോൾതന്നെ തനിക്ക് ഈ കേസ് പരിഗണിക്കാനാവില്ലെന്നു ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. മറ്റൊരു ബെഞ്ച് കേസ് വേഗത്തിൽ പരിഗണിക്കാൻ‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കേസ് ആദ്യം ജസ്റ്റിസ് ആർ.കെ.അഗർവാളും ജസ്റ്റിസ് സാപ്രെയും ഉൾപ്പെട്ട ബെഞ്ച് പരിഗണിക്കാൻ‍ തീരുമാനിച്ചിരുന്നതാണ്. എന്നാൽ, ജസ്റ്റിസ് സാപ്രെ ഉൾപ്പെട്ട ബെഞ്ച് കേസ് പരിഗണിച്ചാൽ തന്റെ അഭിഭാഷകൻ വിവേക് തങ്ഹയ്ക്കു ഹാജരാകാൻ സാധിക്കില്ലെന്നു തോമസ് ചാണ്ടി ആദ്യം കത്തുനൽകി. തുടർന്ന്, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചു. താൻ പിൻമാറുകയാണെന്നു ബെ‍ഞ്ചിലെ ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ വ്യക്തമാക്കി. തുടർന്ന്, ജസ്റ്റിസ് അഗർവാളിന്റെ െബഞ്ചിലേക്കുതന്നെ കേസ് കൈമാറി.

അപ്പോൾ, തങ്ഹയ്ക്കു പകരം മറ്റൊരു മുതിർന്ന അഭിഭാഷകനെ കണ്ടെത്തിയതിനാൽ ബെഞ്ച് മാറ്റേണ്ടതില്ലെന്നു ഹർജിക്കാരൻ രണ്ടാമത്തെ കത്തുനൽകി. ജഡ്ജിമാരായ അഗർവാളിന്റെയും സാപ്രെയുടെയും ബെ‍ഞ്ച് കഴിഞ്ഞ 11നു കേസ് പരിഗണിച്ചു. കത്ത് പരിശോധിച്ചില്ലെന്നു വ്യക്തമാക്കി കേസ് അന്നു മാറ്റിവച്ചു; 15നു പരിഗണിച്ചപ്പോൾ ജസ്റ്റിസ് സാപ്രെ പിൻമാറി. തുടർന്നാണു കേസ് ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്കു വന്നത്. ഹർജിക്കാരനുവേണ്ടി മുകുൾ റോഹത്ഗിയും ആർ.ശശിപ്രഭുവും കക്ഷിചേരാൻ അപേക്ഷിച്ച ടി.എൻ.മുകുന്ദനുവേണ്ടി വി.കെ.ബിജുവും ഹാജരായി.