Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.ജയരാജൻ വീണ്ടും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി

P. Jayarajan

കണ്ണൂർ∙ വ്യക്തിപൂജ വിവാദത്തിൽ പാർട്ടിക്കുള്ളിൽ നേരിടേണ്ടിവന്ന രൂക്ഷവിമർശനങ്ങളെ അതിജീവിച്ച് പി.ജയരാജൻ (65) വീണ്ടും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി. ജയരാജനെതിരായ സംസ്ഥാന സമിതിയുടെ നടപടിക്ക് അനുകൂലമായും പ്രതികൂലമായും പ്രതിനിധികൾ രംഗത്തെത്തിയെങ്കിലും സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ ജില്ലാ കമ്മിറ്റിയിൽ ഏകാഭിപ്രായമായിരുന്നു. പി.ജയരാജനെ മാറ്റിയാൽ അച്ചടക്ക നടപടിയായി വ്യാഖ്യാനിക്കപ്പെടുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലും ജയരാജന് അനുകൂലമായി.

സെക്രട്ടറി സ്ഥാനത്തു മൂന്നു ടേം പൂർത്തിയാക്കിയവർ ഒഴിയണമെന്ന നിബന്ധനയിൽ രണ്ടര ടേം മാത്രം ലഭിച്ചവർക്ക് എട്ടു വർഷം കാലാവധിയെന്ന ഇളവു സംസ്ഥാന നേതൃത്വം നിശ്ചയിച്ചതും‌ ജയരാജനു തുടരാനുള്ള വഴി തുറക്കാനായിരുന്നു. ജയരാജൻ പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുന്നെന്നു നവംബറിൽ ചേർന്ന സിപിഎം സംസ്ഥാന സമിതി വിലയിരുത്തിയിരുന്നു. ഈ വിമർശനം എല്ലാ പാർട്ടി ഘടകങ്ങളിലും റിപ്പോർട്ട് ചെയ്തതോടെ വിമർശനത്തിന് അച്ചടക്കനടപടിയുടെ സ്വഭാവം കൈവന്നു.

എല്ലാ വിമർശനങ്ങളും സ്വയം വിമർശനപരമായി ഉൾക്കൊള്ളുന്നുവെന്നും തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു ജയരാജന്റെ മറുപടി. വിമർശനം ഉൾക്കൊണ്ടു ജയരാജൻ തിരുത്താൻ തയാറായതായി കീഴഘടകങ്ങളിൽ റിപ്പോർട്ട് ചെയ്ത കുറിപ്പിലും പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു. 2010 ഡിസംബറിൽ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശി പാർട്ടിയിൽ നിന്നു പുറത്തായപ്പോഴാണു പി.ജയരാജൻ സെക്രട്ടറിയായി ചുമതലയേറ്റത്.

2012ൽ പയ്യന്നൂരിലും 2015ൽ കൂത്തുപറമ്പിലും നടന്ന ജില്ലാ സമ്മേളനങ്ങളിൽ ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. കിഴക്കേ കതിരൂർ സ്വദേശിയായ പി.ജയരാജൻ കൂത്തുപറമ്പിൽ നിന്നു മൂന്നു തവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 49 അംഗ ജില്ലാ കമ്മിറ്റിയെയും ഇന്നലെ കണ്ണൂരിൽ സമാപിച്ച ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിൻ അടക്കം ആറു പുതുമുഖങ്ങൾ കമ്മിറ്റിയിലുണ്ട്. stop