കുട്ടിയെ തട്ടിയെടുക്കാനുള്ള ശ്രമം: പൊലീസ് ആന്ധ്രയിലേക്ക്

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ആന്ധ്രപ്രദേശ് സ്വദേശി ചിന്നപ്പ.

പൂച്ചാക്കൽ (ആലപ്പുഴ) ∙ പാണാവള്ളി അരയങ്കാവിലെ വീട്ടിൽ ഭിക്ഷാടനത്തിനെന്ന വ്യാജേനയെത്തി നാലു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ആന്ധ്രപ്രദേശ് അനന്തപുരം വീരബലിക്കോട്ട സ്വദേശി ചിന്നപ്പയെ (71) ചേർത്തല കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി പൂച്ചാക്കൽ പൊലീസ് ഇന്ന് ആന്ധ്രയിലേക്കു തിരിക്കും. ചിന്നപ്പയെ 14 ദിവസത്തേക്ക് ആലപ്പുഴ സബ് ജയിലിൽ റിമാൻഡ് ചെയ്തെങ്കിലും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. 

ചിന്നപ്പ പൊലീസിനോടു പറഞ്ഞതു യഥാർഥ പേരും വിവരങ്ങളുമാണോ എന്നതിൽ വ്യക്തതയില്ല. ആന്ധ്രപ്രദേശ് അനന്തപുരം ജില്ലയിലെ പട്ടണം പൊലീസ് സ്റ്റേഷനിലേക്ക് ഇതു സംബന്ധിച്ചു പൂച്ചാക്കൽ പൊലീസ് മെയിൽ ചെയ്തു വിവരങ്ങൾ തേടിയെങ്കിലും വിശദാംശങ്ങൾ ലഭിച്ചില്ല. 

ചിന്നപ്പയുടെ പിറകിൽ ലോബിയുണ്ടോ, തട്ടിക്കൊണ്ടുപോകൽ തന്നെയാണോ ലക്ഷ്യം, നാട്ടിൽ വേറെ കേസുകളുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാനാണു പൂച്ചാക്കൽ പ്രബേഷൻ എസ്ഐ ജിൻസൺ ഡൊമിനിക്കിന്റെ നേതൃത്വത്തിൽ മൂന്നംഗ പൊലീസ് സംഘം ആന്ധ്രയ്ക്കു പോകുന്നത്. ചിന്നപ്പയുടെ പക്കൽ തിരിച്ചറിയൽ കാർഡോ മൊബൈൽ ഫോണോ ഉണ്ടായിരുന്നില്ല. മൂന്നു മാസം മുൻപു ഭിക്ഷാടനത്തിനായി തനിച്ച് ഇവിടെയെത്തി എന്നാണു ചിന്നപ്പ പറയുന്നത്. ആരെങ്കിലും എത്തിച്ചതാണോ, സുഹൃത്തുക്കൾ ഉണ്ടോ, ഇതുവരെ താമസിച്ചിരുന്നത് എവിടെ തുടങ്ങിയവ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഞായർ ഉച്ചയോടെ പാണാവള്ളി അരയങ്കാവിലെ വീട്ടിൽ ഭിക്ഷയ്ക്കെത്തിയ ചിന്നപ്പ 10 രൂപയുടെ നോട്ട് കാണിച്ചു നാലു വയസ്സുകാരനെ അടുത്തേക്കു വിളിക്കുകയായിരുന്നു. കുട്ടി കരഞ്ഞതിനെ തുടർന്നു മാതാപിതാക്കൾ എത്തിയപ്പോൾ ചിന്നപ്പ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ പിന്തുടർന്നു പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.