ഓസ്ട്രേലിയൻ കരസേനയിൽ ആദ്യ മലയാളി വനിത

രമ്യ രമേശ് മക്കൾക്കൊപ്പം.

ഓസ്ട്രേലിയൻ കരസേനയുടെ പോർമുഖത്തു തോക്കേന്തി തൃശൂർക്കാരി രമ്യ രമേശ് (32). കഠിന പരിശീലന വഴികൾ പിന്നിട്ടു കരസേനയിലെത്തുന്ന ആദ്യമലയാളി വനിത 10 വയസ്സു തികയാത്ത മൂന്നു കുട്ടികളുടെ അമ്മയാണ്. ഓസ്ട്രേലിയൻ കരസേനയിൽ മലയാളി യുവാക്കളുണ്ടെങ്കിലും വനിത തോക്കേന്തുന്നത് ഇതാദ്യം. 

തൃശൂർ പോങ്ങണംകാട് നൊട്ടത്തു കൃഷ്ണകുമാറിന്റെയും രമാദേവിയുടെയും മകളായ രമ്യയുടെ പ്രാഥമിക വിദ്യാഭ്യാസം വില്ലടം ഗവ. ഹൈസ്കൂളിലായിരുന്നു. തൃശൂർ വിമല, കേരളവർമ കോളജുകളിൽ നിന്ന് എംഎസ്‌സി, എംബിഎ പഠനം പൂർത്തിയാക്കി ഗൾഫിൽ ഓയിൽ കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് ഓസ്ട്രേലിയയിലേക്കു കുടിയേറിയത്. ഓസ്ട്രേലിയൻ‍ പൗരത്വം നേടി ഒന്നര വർഷത്തിനകം പട്ടാളത്തിൽ ചേർന്നു. ഇന്നലെ പരിശീലനം പൂർത്തിയാക്കിയ കരസേനയുടെ ബ്രാവോ 15 എന്ന പ്ലാറ്റൂണിലെ 40 അംഗങ്ങളിൽ 10 പേർ വനിതകളാണ്. 

പെരുമ്പാവൂർ ഉണിച്ചേനാട്ട് കുടുംബാംഗമായ ഭർത്താവ് രമേശ് വാഗവാഗയിലെ റോബ് ഓയിൽ കമ്പനിയിൽ എൻജിനീയറാണ്. മക്കൾ: ശ്രീഹരി (എട്ട്), ശ്രാവൺ (മൂന്ന്), ശിവാനി (ഒന്ന്).