മാണി എങ്ങനെ വിശുദ്ധനാകുമെന്ന് ബിനോയ് വിശ്വം

കാസർകോട്∙ കെ.എം.മാണി എങ്ങനെ വിശുദ്ധനാകുമെന്ന ചോദ്യവുമായി സിപിഐ ദേശീയ നിർവാഹക സമിതി അംഗം ബിനോയ് വിശ്വം. സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണി വലിയ അഴിമതിക്കാരനെന്നു പറഞ്ഞത് ഇടതുമുന്നണിയാണ്.

മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും ബാർ മുതലാളിമാരിൽ നിന്നു കോഴ വാങ്ങിയെന്നും വൻകിടക്കാർക്കു ബജറ്റ്​ വിറ്റുവെന്നും കോഴിക്കച്ചവടക്കാരിൽ നിന്നു കോഴവാങ്ങി ബജറ്റിൽ ഇളവു നൽകിയെന്നുമടക്കം പറഞ്ഞു. മാണിക്കെതിരെയുള്ള വിജിലൻസ് കേസ്​ തേച്ചുമായ്ച്ചു കളഞ്ഞുവെന്നാണ് ഇപ്പോൾ കേൾക്കുന്നത്. ഇത് എൽഡിഎഫ് നയമാണോ എന്നും എൽഡിഎഫിനു കെ.എം.മാണിയെ ഉൾക്കൊള്ളാനാകുമോയെന്നും ബിനോയ് വിശ്വം ചോദിച്ചു.

ഫാഷിസത്തിനെതിരെ കോൺഗ്രസുമായി വിശാലവേദി ഉണ്ടാക്കുന്നതിൽ മാത്രമല്ല സംസ്ഥാനത്ത് എൽഡിഎഫ് അടിത്തറ വികസിപ്പിക്കുന്ന കാര്യത്തിലും വ്യക്തമായ നയം വേണം. കോൺഗ്രസുമായി െഎക്യമുന്നണി സാധ്യമല്ല. എന്നാൽ, യോജിക്കാവുന്ന​വരെ ചേർത്തു ദേശീയതലത്തിൽ വിശാലസഖ്യം സാധ്യമാക്കണം. സിപിഎമ്മുമായി ചില കാര്യങ്ങളിൽ തർക്കമുണ്ടെങ്കിലും ഇഴയടുപ്പവും ബന്ധവും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.