വാൽപാറയിൽ പുള്ളിപ്പുലി കെണിയിലായി

വാൽപ്പാറ നടുമല എസ്റ്റേറ്റിൽ വനപാലകർ ഒരുക്കിയ കൂട്ടിൽ അകപ്പെട്ട പുള്ളിപ്പുലി. ഇതേ സ്ഥലത്തു നാലു വയസ്സുകാരൻ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

വാൽപാറ (തമിഴ്നാട്)●നടുമല എസ്റ്റേറ്റിൽ നാലു വയസ്സുകാരനെ ആക്രമിച്ചുകൊന്ന അതേ സ്ഥലത്തു പുള്ളിപ്പുലി കെണിയിലായി. വനം വകുപ്പു സ്ഥാപിച്ച കെണിയിലാണ് ഇന്നലെ വെളുപ്പിന് അഞ്ചു മണിയോടെ പുലി അകപ്പെട്ടത്. എസ്റ്റേറ്റ് തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിയുമായ മുഷറഫ് അലിയുടെ നാലു വയസ്സുള്ള മകൻ സെയ്തുവിനെ കഴിഞ്ഞ എട്ടിനു പുലി കടിച്ചു വലിച്ചിഴച്ചു കൊണ്ടുപോയിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിൽ വീട്ടിൽ നിന്നു 300 മീറ്റർ അകലെ തേയിലക്കാട്ടിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബാലനെ ആക്രമിച്ച പുലിതന്നെയാണോ കെണിയിലകപ്പെട്ടതെന്നു വനപാലകർ സ്ഥിരീകരിച്ചിട്ടില്ല.

എസ്റ്റേറ്റിലുൾപ്പെടെ മൂന്നിടത്തു വനം വകുപ്പ്‌ പുലിയെ പിടികൂടാൻ ഇരുമ്പ് കൂടു സ്ഥാപിച്ചിരുന്നു. കെണിയിലായ പുള്ളിപ്പുലിക്ക് ഏകദേശം നാലു വയസ്സുണ്ടെന്നു വനപാലകർ പറഞ്ഞു. വിവരമറിഞ്ഞു നാട്ടുകാരും തൊഴിലാളികളും സ്ഥലത്തു തടിച്ചുകൂടി. തുടർന്നു വനം റേഞ്ച് ഓഫിസർ ശക്തിവേലിന്റെ നേതൃത്വത്തിലുള്ള സംഘം പുലിയെ മറ്റൊരു കൂട്ടിലേക്കു മാറ്റി ലോറിയിൽ ടോപ്‌ സ്‌ലിപ്പിനു സമീപമുള്ള വരഗിളിയാർ വനപ്രദേശത്തു തുറന്നുവിട്ടു.

കഴിഞ്ഞ ദിവസം കരടിയുടെ ആക്രമണത്തിൽ 55 വയസ്സുള്ള തോട്ടം തൊഴിലാളി വാട്ടർ ഫാൾ എസ്റ്റേറ്റിൽ കൊല്ലപ്പെട്ടിരുന്നു. 2012ലാണു വാൽപാറയിൽ ഏറ്റവുമൊടുവിൽ പുലിയെ പിടിച്ചത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു ഇത്.