‘ചെങ്ങന്നൂരി’നു മുൻപ് മധ്യസ്ഥനെ ‘കോട്ടയ’ത്ത് തള്ളി കാനം

തിരുവനന്തപുരം∙ ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കെ.എം.മാണിയെ ഇടതുമുന്നണിയുടെ ഭാഗമാക്കാൻ സിപിഎം ശ്രമം തുടങ്ങിയതായി സിപിഐ സംശയിക്കുന്നു. സിപിഎം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറിലേക്കു മാണിയെ ക്ഷണിച്ചത് ഇതിന് ആക്കം കൂട്ടി. എൽഡിഎഫിനു പുറത്തുള്ള കക്ഷികളിൽ ആകെ ക്ഷണിച്ചതു മാണിയെ മാത്രം. ഇതോടെയാണു കോട്ടയത്തു മാണിക്കെതിരെ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിച്ചത്.

എന്നാൽ അനവസരത്തിൽ, ആവശ്യമില്ലാത്ത പ്രസ്താവനകളിറക്കി വിവാദമുണ്ടാക്കുന്ന രീതി സിപിഐ തുടരുകയാണെന്ന വികാരമാണു സിപിഎമ്മിന്. മാണിക്കെതിരെയെന്ന മട്ടിൽ തങ്ങൾക്കെതിരെയാണു സിപിഐ സംസ്ഥാനസെക്രട്ടറി ആക്ഷേപങ്ങൾ നിരത്തുന്നതെന്ന അമർഷവും സിപിഎമ്മിനുണ്ട്. മാണിയോടുള്ള വിയോജിപ്പ് കാനം മറച്ചുവയ്ക്കാറില്ലെങ്കിലും ‘അദ്ദേഹത്തോടൊപ്പം എൽഡിഎഫിൽ പ്രവർത്തിക്കാൻ പ്രയാസമാണ്’ എന്ന തരത്തിലുള്ള പ്രസ്താവന ഇതാദ്യമാണ്.

തങ്ങളെ തളളിയും മാണിയെ ആനയിക്കാൻ നോക്കുന്നോയെന്ന സന്ദേഹം സിപിഐ പ്രകടിപ്പിച്ചതു ചെറിയ കാര്യമല്ല. അതിനു കോട്ടയം ജില്ലാസമ്മേളനത്തിന്റെ ഉദ്ഘാടനവേദി തന്നെ തിരഞ്ഞെടുത്തതും ബോധപൂർ‍വമാണ്. കോട്ടയം ജില്ലാ പഞ്ചായത്തിലെ സിപിഎം–കേരളകോൺഗ്രസ് ബന്ധം സംസ്ഥാനത്താകെ മാതൃകയാക്കണമെന്ന നിർദേശമാണു സിപിഎം കോട്ടയം സമ്മേളനം മുന്നോട്ടുവച്ചത്. ജില്ലാപഞ്ചായത്തിലെ അട്ടിമറിനീക്കത്തെ സിപിഐ പിന്തുണയ്ക്കാതിരുന്നതിനെ റിപ്പോർട്ടിൽ തന്നെ വിമർശിക്കുകയും ചെയ്തു.

മാണിക്ക് അഗ്നിശുദ്ധിവരുത്താൻ കോട്ടയത്തു സിപിഎം ശ്രമിച്ചുവെങ്കിൽ, അതിനു തങ്ങളെ പ്രതീക്ഷിക്കേണ്ടെന്നാണ് അതേ കോട്ടയത്തു കാനം വ്യക്തമാക്കിയത്. ‘മധ്യസ്ഥപ്രാർഥനക്കാരുടെ സഹായം’ എൽഡിഎഫിനു വേണ്ടെന്നു കാനം പറഞ്ഞതും പ്രത്യേക ലക്ഷ്യത്തോടെയാണ്. മാണി എൽഡിഎഫിന്റെ ഭാഗമായാൽ മുന്നണിയുടെ മതനിരപേക്ഷ പ്രതിച്ഛായ തകരുമെന്നു സിപിഐ കരുതുന്നു.

അഴിമതിക്കേസുകളാണു സിപിഐ ഇതുവരെ ചൂണ്ടിക്കാട്ടി വന്നതെങ്കിൽ, ഇപ്പോൾ ആ പാർട്ടിയുടെ സ്വഭാവത്തോടുള്ള വിയോജിപ്പും പറഞ്ഞുതുടങ്ങി. അപ്പോഴും സിപിഎം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറിൽ മാണിയുമായി വേദി പങ്കിടുന്നതിന് എതി‍ർപ്പൊന്നും സിപിഎമ്മിനോടു കാനം പറഞ്ഞിട്ടില്ല. എൽഡിഎഫിനു പുറത്തുള്ള കക്ഷികളിൽനിന്നു മാണിയെയും ഇടതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ആർ.ബാലകൃഷ്ണപിള്ളയെയുമാണു സിപിഎം ക്ഷണിച്ചിരിക്കുന്നത്. മാണിക്കുള്ള ക്ഷണം അപ്പോൾ ഒന്നും കാണാതെയല്ലെന്നു വ്യക്തം. കണ്ടും വേദികൾ പങ്കിട്ടുമാണ് അടുത്തിടെ എം.പി.വീരേന്ദ്രകുമാർ എൽഡിഎഫിലേക്കുള്ള തിരിച്ചുവരവിനു തുടക്കം കുറിച്ചത്. 

റിപ്പോർട്ടിലും മാണി?

മലപ്പുറത്ത് മാർച്ച് ഒന്നു മുതൽ നാലു വരെ ചേരുന്ന സിപിഐ സംസ്ഥാനസമ്മേളനത്തിന്റെ പ്രവർത്തനറിപ്പോർട്ട് തയാറാക്കാനായി സിപിഐ സംസ്ഥാനനിർവാഹകസമിതിയോഗം ഇന്നു കോട്ടയത്തു ചേരും. ജില്ലാസമ്മേളനം കോട്ടയത്തു നടക്കുന്നതിനാൽ നേതാക്കൾക്കു സൗകര്യപ്രദമായതുകൊണ്ടാണ് അവിടെയാക്കിയത്. സിപിഎമ്മിനും മാണിക്കുമെതിരെയുള്ള റിപ്പോർട്ടിലെ പരാമർശങ്ങൾ ഉറ്റുനോക്കപ്പെടും.