അപകടം പറ്റിയ വീട്ടമ്മയ്ക്കു രക്ഷകനായി മന്ത്രി കടകംപള്ളി

തിരുവനന്തപുരം ∙ വാഹനാപകടത്തിൽപെട്ടു ചോര വാർന്നു കിടന്ന വീട്ടമ്മയ്ക്കു മന്ത്രി കടകംപള്ളി സുരേന്ദ്രൻ രക്ഷകനായി. ഗൺമാനെയുംകൂട്ടി ഗുരുതര പരുക്കേറ്റ സ്ത്രീയെ മന്ത്രി കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാരെ കണ്ടു ചികിത്സ ഉറപ്പാക്കിയശേഷമായിരുന്നു മടക്കം. നെയ്യാറ്റിൻകര സ്വദേശി ശ്രീജ(29)യ്ക്കാണു മന്ത്രിയുടെ സഹായഹസ്തം തുണയായത്. ഭർത്താവ് കണ്ണനൊപ്പം സ്കൂട്ടറിൽ പോകവെ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ ശ്രീജ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ദേശീയപാതാ ബൈപാസിൽ ചാക്ക സുബ്രഹ്മണ്യക്ഷേത്രത്തിനു സമീപത്തായിരുന്നു സംഭവം. കഴക്കൂട്ടത്തെ ഒരു ചടങ്ങിൽ പങ്കെടുത്തശേഷം ഉച്ചഭക്ഷണത്തിനായി വീട്ടിലേക്കു പോകുകയായിരുന്നു മന്ത്രി. ചാക്കയിലെത്തിയപ്പോൾ ആൾക്കൂട്ടവും ഗതാഗതക്കുരുക്കും ശ്രദ്ധയിൽപെട്ട അദ്ദേഹം ഗൺമാനോട് ഇറങ്ങിനോക്കാൻ പറഞ്ഞു. ഗൺമാൻ എത്തുമ്പോൾ ബൈക്കിലെത്തിയ ദമ്പതികൾ അപടത്തിൽപെട്ടു കിടക്കുന്നു. ഏറെ നേരമായിട്ടും അവരെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ലെന്ന് അവിടെ നിന്നവർ പറഞ്ഞു. ആൾക്കൂട്ടത്തിനിടയിലൂടെ മന്ത്രിയും ഗൺമാൻ ശിവദാസും കയറിച്ചെല്ലുമ്പോൾ രക്തത്തിൽ കുളിച്ചു വീട്ടമ്മയും അതിനടുത്ത് അവരുടെ ഭർത്താവും കിടക്കുകയായിരുന്നു. വീട്ടമ്മയെ എത്തിച്ചതിനു പുറകെ തന്നെ ഭർത്താവ് കണ്ണനെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.