എകെജി സെന്റർ കൊലയാളികളുടെ ഒളിത്താവളമെന്നു കുമ്മനം

ന്യൂഡൽഹി ∙ തിരുവനന്തപുരത്തെ എകെജി സെന്റർ കൊലയാളികളുടെ ഒളിത്താവളമായി മാറിയെന്നും സിപിഎമ്മിന്റെ പ്രതിരോധ സ്‌ക്വാഡാണു കൊലകൾ നടത്തുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഷുഹൈബ് വധക്കേസിൽ കീഴടങ്ങിയവർ തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകൻ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. രണ്ടുവർഷം മുൻപു സിപിഎം ‘സെൽഫ് ഡിഫൻസ് സ്‌ക്വാഡ്’ രൂപീകരിച്ചശേഷം ആദ്യം നടന്ന കൊലപാതകമായിരുന്നു വിനീഷിന്റേത്. ആകാശ് തില്ലങ്കേരിയും രജിൻ രാജുമാണു മട്ടന്നൂർ ഏരിയയുടെ ചുമതല വഹിക്കുന്നത്. ബോംബേറും വീട് തകർക്കലും സംബന്ധിച്ച ഒട്ടേറെ കേസുകളിൽ ഇവർ പ്രതികളാണ്.

പി.ജയരാജൻ തുടങ്ങിയ നേതാക്കൾക്കൊപ്പം സമുന്നത സ്ഥാനമാണ് ഇവർക്കു പാർട്ടിയിലുള്ളത്. എകെജി സെന്ററിൽ പ്രതികളെ ഒളിവിൽ താമസിപ്പിച്ചിരുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമൊക്കെ സ്ഥിരം സന്ദർശകരായ ഇവിടെ കൊലക്കേസ് പ്രതികളെ ഒളിവിൽ പാർപ്പിച്ചതു നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പ്രതികൾക്കു മുഖ്യമന്ത്രിയുമായും ജില്ലാ സെക്രട്ടറിയുമായും അടുത്ത ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ഉന്നത നേതാക്കളുടെ പങ്കു വെളിപ്പെടുത്താൻ പൊലീസിനു സാധിക്കില്ലെന്നതിനാൽ കേസ് സിബിഐ അന്വേഷിക്കണമെന്നും കൊലപാതകം പാർട്ടി പരിപാടിയാക്കിയ സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.