ഷുഹൈബ് വധം: പ്രതികളുടെ അറസ്റ്റ് വൈകരുതെന്ന് കാന്തപുരം

തിരുവനന്തപുരം∙ മട്ടന്നൂർ ഇടയന്നൂരിലെ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. നിഷ്പക്ഷവും നീതിപൂർവകവുമായ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ കാന്തപുരം ആവശ്യപ്പെട്ടു.

കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചു വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികൾ രക്ഷപ്പെടാതിരിക്കാനാണു തെളിവുകൾ പുറത്തു വിടാത്തതെന്നും മുഖ്യമന്ത്രി അറിയിച്ചതായി കാന്തപുരം പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു. ഈ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച ഒരാളും രക്ഷപ്പെടരുതെന്നു നിർബന്ധമുണ്ട്. അവർക്കു കടുത്ത ശിക്ഷയും ഉറപ്പു വരുത്തണം. രാഷ്ട്രീയ കൊലപാതകങ്ങൾ രാജ്യത്തിനു തന്നെ ആപത്താണ്. പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടവരുത്തുമെന്നും കാന്തപുരം പറഞ്ഞു.