ഷുഹൈബ് കൊലക്കേസ്: രണ്ടു സിപിഎം പ്രവർത്തകർ കീഴടങ്ങി

ഷുഹൈബ് വധക്കേസിൽ കീഴടങ്ങിയ ആകാശ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനൊപ്പമെടുത്ത സെൽഫി. (ചിത്രം –2) രജിൻ രാജ്

കണ്ണൂർ / മട്ടന്നൂർ ∙ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർകൂടി പൊലീസ് കസ്റ്റഡിയിൽ. തില്ലങ്കേരി വഞ്ഞേരിയിലെ എം.വി.ആകാശ് (24), കരുവള്ളിയിലെ രജിൻരാജ് (26) എന്നിവർ സിപിഎം പ്രാദേശിക നേതാക്കൾക്കൊപ്പം ഇന്നലെ പുലർച്ചെ മാലൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൂന്തലോട്ടെ ശ്രീജിത്തിനെ (32) തലേന്നു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നുപേരും ഒന്നര വർഷം മുൻപ് ആർഎസ്എസ് പ്രവർത്തകൻ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്.

സിപിഎം ഏർ‌പ്പാടാക്കിയ ഡമ്മി പ്രതികളിൽ അന്വേഷണം ചുരുക്കാനാണു ശ്രമമെന്നു സംശയിക്കുന്നതായി കോൺഗ്രസ് നേതാക്കളായ കെ.സുധാകരനും സതീശൻ പാച്ചേനിയും പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ അനാസ്ഥ ആരോപിച്ചു കെ.സുധാകരൻ ഇന്നു തുടങ്ങാനിരിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനു മാറ്റമില്ല. ഡമ്മി പ്രതികളാണെന്നു സംശയിക്കുന്നതായി ഷുഹൈബിന്റെ ബന്ധുക്കളും പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്നു ഷുഹൈബിന്റെ പിതാവു മുഹമ്മദ് ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ മുഴക്കുന്നിലെ മുടക്കോഴിമലയിലും പരിസരത്തും ശനിയാഴ്ച പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികളുടെ ഒളിത്താവളമായിരുന്ന മുടക്കോഴിമലയിൽ ചിലരെ ഒളിപ്പിച്ചിട്ടുണ്ടെന്ന സൂചനയെ തുടർന്നായിരുന്നു തിരച്ചിൽ. ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിന്റെ നേതൃത്വത്തിൽ രഹസ്യമായാണു റെയ്ഡ് തീരുമാനിച്ചതെങ്കിലും പൊലീസ് എത്തുമ്പോഴേക്കും ഒളിത്താവളത്തിൽനിന്നു സംഘത്തെ മറ്റൊരിടത്തേക്കു മാറ്റി. ആകാശും ചില സുഹൃത്തുക്കളുമാണ് ആ സംഘത്തിലുണ്ടായിരുന്നത് എന്നാണ് സൂചന. തിരച്ചിൽ കഴിഞ്ഞു മടങ്ങുന്നതിനിടയിലാണു പൊലീസ് ആകാശിന്റെ സുഹൃത്ത് ശ്രീജിത്തിനെ പിടികൂടിയത്. ശ്രീജിത്തിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചിരിക്കാമെന്ന നിഗമനത്തിൽ, പൊലീസ് വീണ്ടും മലകയറുന്നതിനു മുൻപായി രണ്ടുപേരെ മാത്രം മലയിറക്കി ഹാജരാക്കുകയായിരുന്നു എന്നാണു കരുതുന്നത്.

ജില്ലാ പൊലീസ് മേധാവി ശിവവിക്രം ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ അതിരാവിലെ കോയമ്പത്തൂരിലേക്കു പോയിരുന്നു. തന്റെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യംചെയ്യാവൂ എന്ന് അദ്ദേഹം കർശന നിർദേശം നൽകിയതായാണു വിവരം. എസ്പി തിരിച്ചെത്തുന്നതിനു മുൻപുതന്നെ പ്രതികളെ മജിസ്ട്രേട്ടിനു മുൻ‌പിൽ ഹാജരാക്കി റിമാൻഡ് ചെയ്യാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതായും സൂചനയുണ്ട്. സിപിഎമ്മിനെ ന്യായീകരിച്ചും എതിരാളികളെ വിമർശിച്ചും സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്ന സൈബർ ഗ്രൂപ്പ് അംഗമാണു ആകാശ്.

ആറാം ദിനം പ്രതികരിച്ച് മുഖ്യമന്ത്രി

' ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണ്‌. സംഭവം ഉണ്ടായ ഉടൻതന്നെ കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശ നടപടിക്ക് പോലീസിനു നിർദേശം നല്‍കിയിട്ടുണ്ട്‌. ആരാണു പ്രതികളെന്നതോ എന്താണ്‌ അവരുടെ ബന്ധങ്ങളെന്നതോ അന്വേഷണത്തെ ബാധിക്കില്ല. മുഖം നോക്കാതെയുള്ള നടപടികളുമായി പൊലീസ്‌ മുന്നോട്ടുപോകും.  കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ്‌ ചെയ്യും. ഇപ്പോള്‍ ചിലര്‍ കസ്റ്റഡിയിലുണ്ട്‌. മറ്റുള്ളവരെയും ഉടൻ പിടികൂടും.' - പിണറായി വിജയൻ (ഫെയ്സ്ബുക്കിൽ)

പൊലീസ് പിൻതുടരുന്നതിനാൽ കീഴടങ്ങിയെന്ന് കോടിയേരി

തൃശൂർ ∙ ഷുഹൈബ് കൊലക്കേസിൽ പിടിക്കപ്പെട്ടവർ പ്രതികളാണെന്ന് ഉറപ്പിച്ചു പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസ് ഇവരെ പിന്തുടരുന്നതിനാലാണു കീഴടങ്ങിയത്. ഇവരുടെ വീട്ടിലും പൊലീസ് എത്തിയിരുന്നു. പൊലീസ് അന്വേഷണം പൂർത്തിയാക്കട്ടെ. കൊലപാതകത്തെ അപലപിക്കുന്നു. പ്രതികൾ സിപിഎമ്മുകാരാണെന്നു വ്യക്തമായാൽ പാർട്ടി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.