കെ.എം.മാണി എൽഡിഎഫിൽ ഉണ്ടാകില്ലെന്ന് സുനിൽകുമാർ

തലശ്ശേരി∙ കെ.എം.മാണി എൽഡിഎഫിലുണ്ടാവില്ലെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. സിപിഐയും സിപിഎമ്മും രക്തബന്ധമുള്ള പാർട്ടികളാണ്. സിപിഎമ്മും സിപിഐയും ചേർന്നതാണ് എൽഡിഎഫ്. അതിനാൽ തന്നെ കേരള കോൺഗ്രസ് (മാണി) എൽഡിഎഫിൽ ഉണ്ടാവില്ല. കെ.എം.മാണിയോടുള്ള സമീപനത്തിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും മന്ത്രി പറഞ്ഞു.

കണ്ണൂരിൽ സമാധാനം നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകത്തെക്കുറിച്ചു പാർട്ടി അന്വേഷിക്കുമെന്ന സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ ഇത്തരം കാര്യങ്ങൾ അന്വേഷിക്കാൻ പൊലീസും കോടതിയുമുണ്ടെന്നും അല്ലാതെ രാഷ്ട്രീയ പാർട്ടികൾക്ക് അന്വേഷിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.