വൈദ്യുതി ഉപയോഗം 7.2 കോടി യൂണിറ്റിൽ

തിരുവനന്തപുരം∙ സംസ്ഥാനത്തു വൈദ്യുതി ഉപയോഗം കുതിച്ചുയർന്ന് ദിവസം 7.2 കോടി യൂണിറ്റിൽ എത്തി. കഴിഞ്ഞ 22ന് ആണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയത്. ഉപയോഗം ഏഴു കോടി യൂണിറ്റിൽ കൂടുന്നതു ബോർഡിനു സാമ്പത്തിക നേട്ടമാണെന്ന് അധികൃതർ പറയുന്നു. ഈ വർഷം ഉപയോഗം 8.2 കോടി യൂണിറ്റ് വരെ ഉയരുമെന്നാണു പ്രതീക്ഷ.

നേരത്തെ ഒപ്പുവച്ച കരാറുകൾ അനുസരിച്ചു സംസ്ഥാനത്തിനു പുറത്തുനിന്നു നിശ്ചിത നിരക്കിൽ വൈദ്യുതി തുടർന്നും ലഭിക്കും. എന്നാൽ വേനൽ മുറുകുകയും വൈദ്യുതി ഉപയോഗം ഇനിയും വർധിക്കുകയും ചെയ്യുന്നതോടെ ജലവൈദ്യുതിയുടെ ഉൽപാദനം കൂട്ടും. ഡാമുകളിൽ 60% വെള്ളമുണ്ട്. കഴിഞ്ഞവർഷം ഈ സമയത്ത് 40 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ ജലവൈദ്യുതി ഉൽപാദനം വേനൽക്കാലത്തു വർധിപ്പിക്കാനാകും.

ജലവൈദ്യുതിക്ക് ഉൽപാദനച്ചെലവു കുറവായതിനാൽ ബോർഡിനു സാമ്പത്തിക നേട്ടമാണ്. വരുന്ന വേനൽക്കാലം ഈ രീതിയിൽ തരണം ചെയ്യാനാകുമെന്നു ബോർഡ് കരുതുന്നു. 2016ൽ വൈദ്യുതി ഉപയോഗം എട്ടുകോടി യൂണിറ്റിൽ എത്തിയതാണ് ഇതുവരെയുള്ള റെക്കോർഡ്.