കെഎസ്ഇബി 799 മീറ്റർ റീഡർ തസ്തിക റദ്ദാക്കി

തിരുവനന്തപുരം∙ വൈദ്യുതി ബോർഡിൽ നിലവിലുള്ള 799 മീറ്റർ റീഡർ തസ്തിക റദ്ദാക്കി ബോർഡ് ഉത്തരവിറക്കി. ഹൈക്കോടതിയിലുള്ള കേസിനു വിധേയമായിട്ടായിരിക്കും ഇതു നടപ്പാക്കുക. ഇക്കാര്യം പിഎസ്‌സിയെ അറിയിക്കും. ബോർഡിലെ 799 മീറ്റർ റീഡർ ഒഴിവുകൾ പിഎസ്‌‍സിക്കു റിപ്പോർട്ട് ചെയ്യണമെന്നു കഴിഞ്ഞ ജനുവരി നാലിനു ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. ഉദ്യോഗാർഥികൾ നൽകിയ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതിനെതിരെ ബോർഡ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഇടക്കാല സ്റ്റേ വാങ്ങി.

റഗുലേറ്ററി കമ്മിഷന്റെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെയും ശുപാർശകൾ അനുസരിച്ചു ബോർഡ് പുനഃസംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഉദയ് പദ്ധതി അനുസരിച്ചു സംസ്ഥാനത്തു സ്മാർട് മീറ്ററുകൾ സ്ഥാപിക്കുന്നതിനു ബോർഡ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി ത്രികക്ഷി കരാർ ഒപ്പുവച്ചിട്ടുണ്ട്. ബോർഡ് ജീവനക്കാർക്കു സ്ഥലം സന്ദർശിക്കാതെതന്നെ വൈദ്യുതി ഉപയോഗം മനസ്സിലാക്കി ബിൽ തയാറാക്കി എസ്എംഎസിലൂടെ തുക ഉപയോക്താവിനെ അറിയിക്കാൻ സാധിക്കുന്നതാണു സ്മാർട് മീറ്ററുകൾ. ഇതു വ്യാപകമാകുന്നതോടെ സ്ഥലം സന്ദർശിച്ചു മീറ്റർ റീഡിങ് എടുക്കേണ്ട ജീവനക്കാരുടെ ആവശ്യമില്ലാതാകുമെന്ന് ഇതു സംബന്ധിച്ച ബോർഡ് ഉത്തരവിൽ പറയുന്നു.

അഞ്ചു ലക്ഷം സ്മാർട് മീറ്ററുകളാണു ബോർഡ് വാങ്ങാൻ പോകുന്നത്. മാസം 200 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർക്കു സ്മാർട് മീറ്റർ സ്ഥാപിക്കും. മീറ്റർ റീഡിങ് എടുക്കുന്ന രീതി മാറ്റിയതോടെ ഇപ്പോൾ ഏതു തസ്തികയിലുള്ള ജീവനക്കാരനും റീഡിങ് എടുക്കാൻ പറ്റുന്ന സാഹചര്യമാണെന്നും ഉത്തരവിൽ പറയുന്നു. ബോർഡിൽ മീറ്റർ റീഡർമാരുടെ 1721 തസ്തികയുണ്ടെന്നാണു 2002ൽ തീരുമാനിച്ചിരുന്നത്. 799 തസ്തിക റദ്ദാക്കിയതോടെ ഇതു 922 ആയി കുറയും.