രണ്ടാംവട്ടം എതിരില്ലാതെ കോടിയേരി

സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണൻ ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം ഭക്ഷണശാലയിൽ. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

തൃശൂർ∙ വിവാദങ്ങളും ആരോപണങ്ങളും മറികടന്നാണു കോടിയേരി ബാലകൃഷ്‌ണൻ രണ്ടാം തവണ സിപിഎം സംസ്‌ഥാന സെക്രട്ടറിയാവുന്നത്. ആലപ്പുഴയിൽ നടന്ന കഴിഞ്ഞ സംസ്‌ഥാന സമ്മേളനമാണു കോടിയേരിയെ ആദ്യമായി സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പിണറായി വിജയൻ സ്‌ഥാനം ഒഴിഞ്ഞപ്പോഴാണു കോടിയേരി ആ പദവിയിലെത്തിയത്.

ഇത്തവണ സെക്രട്ടറി സ്‌ഥാനത്തേക്കു മറ്റാരുടെയും പേരു പരിഗണനയിൽ ഉണ്ടായിരുന്നില്ല. മൂന്നു തവണ പൂർത്തിയാക്കുംവരെ ഒരാളെ പദവിയിൽ തുടരാൻ അനുവദിക്കുന്നതാണു പാർട്ടി നയം. മക്കളുടെ പേരിലുയർന്ന വിവാദങ്ങളൊന്നും സമ്മേളനത്തിൽ ഉന്നയിക്കപ്പെട്ടില്ലെന്നതും കോടിയേരിക്ക് ആശ്വാസമായി.

വിദ്യാർഥിപ്രസ്‌ഥാനത്തിലൂടെ സിപിഎമ്മിന്റെ ഉന്നത നേതൃനിരയിലും സംസ്‌ഥാന സെക്രട്ടറി പദത്തിലും എത്തിയ നേതാവാണു കോടിയേരി ബാലകൃഷ്‌ണൻ (64). പാർട്ടിയുടെ ചിരിക്കുന്ന മുഖം എന്നാണു കോടിയേരിക്കുള്ള വിശേഷണം. അടിയന്തരാവസ്‌ഥക്കാലത്തു 16 മാസം ‘മിസ’ തടവുകാരനായി ജയിലിൽ കഴിഞ്ഞു.

കണ്ണൂർ കോടിയേരി മൊട്ടമ്മൽ പരേതരായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനാണ്. കോടിയേരി ഓണിയൻ ഹൈസ്‌കൂൾ, മാഹി എംജി കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1982, 1987, 2001, 2006, 2011 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി കാൽനൂറ്റാണ്ടോളം നിയമസഭയിൽ തലശേരിയെ പ്രതിനിധീകരിച്ചു.

സിപിഎം ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറി സ്‌ഥാനത്തു നിന്നാണു പാർട്ടി ജീവിതത്തിന്റെ തുടക്കം. ആറു വർഷം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന കരുത്തുമായാണു പാർട്ടിയുടെ കേരളത്തിലെ അമരക്കാരനും പൊളിറ്റ് ബ്യൂറോ അംഗവുമായി കോടിയേരി തുടരുന്നത്.

സിപിഎം സംസ്ഥാന സമ്മേളനം : കൂടുതൽ വാർത്തകൾ

2006ൽ ആഭ്യന്തര– ടൂറിസം മന്ത്രി. 2008ൽ പൊളിറ്റ് ബ്യൂറോയിൽ. തലശേരി മുൻ എംഎൽഎ പരേതനായ എം.വി. രാജഗോപാലിന്റെ മകൾ എസ്.ആർ. വിനോദിനിയാണു ഭാര്യ. മക്കൾ: ബിനോയ്, ബിനീഷ്.