തോമസ് ചാണ്ടി കേസ്: എഎജിക്കായി വീണ്ടും റവന്യു വകുപ്പ്

ആലപ്പുഴ ∙ തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടു സംബന്ധിച്ച കേസ് വീണ്ടും വിവാദമായ സാഹചര്യത്തിൽ, തുടർന്നുള്ള കേസുകളിൽ അഡീഷനൽ അഡ്വക്കറ്റ് ജനറൽ (എഎജി) ഹാജരാകണമെന്നു റവന്യു വകുപ്പ് ആവശ്യപ്പെടും. കേസിൽ എഎജി രഞ്ജിത് തമ്പാൻ വകുപ്പിനുവേണ്ടി ഹാജരാകണമെന്നു മുൻപു റവന്യു വകുപ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും അഡ്വക്കറ്റ് ജനറൽ നിഷേധാത്മക നിലപാടു സ്വീകരിച്ചതിനെത്തുടർന്നു ഗവ. പ്ലീഡറാണു ഹാജരായത്.

നിയമപപരമായി തോമസ് ചാണ്ടി വിഷയത്തിൽ ഹൈക്കോടതിയുടെ വിമർശനമുണ്ടായ സാഹചര്യത്തിൽ എഎജിക്കു വേണ്ടി റവന്യു വകുപ്പ് ആവശ്യപ്പെടും. ഇക്കാര്യം സിപിഐ നേതൃത്വത്തെയും അറിയിക്കും. അതേസമയം, സർവേ നമ്പർ തെറ്റായി രേഖപ്പെടുത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനു റവന്യു മന്ത്രി നിർദേശം നൽകി. സർവേ നമ്പർ തെറ്റിയത് അബദ്ധമാണെന്നു കരുതുന്നില്ല. അന്വേഷിച്ചു ശക്തമായ നടപടിയെടുക്കണമെന്നാണു മന്ത്രിയുടെ നിർദേശം.

തിരുത്തിയ സർവേ നമ്പർ ഹൈക്കോടതിയിൽ വേണ്ട രീതിയിൽ അവതരിപ്പിച്ചില്ലെന്നും റവന്യു വകുപ്പിന് അഭിപ്രായമുണ്ട്. തുടർനടപടികൾ തീരുമാനിക്കാൻ റവന്യു ഉന്നതോദ്യോഗസ്ഥരുടെ യോഗം ചേർന്നു. സർവേ നമ്പർ തെറ്റായതിനെത്തുടർന്നു മുൻ മന്ത്രി തോമസ് ചാണ്ടിയുടെ വാട്ടർ വേൾഡ് ടൂറിസം കമ്പനിക്കെതിരായ നോട്ടിസ് ഹൈക്കോടതി റദ്ദാക്കിയതിന്റെ തുടർ നടപടികൾക്കു നിയമോപദേശം തേടി കലക്ടർ ടി.വി.അനുപമ അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിലെത്തി. കോടതി വിധി വിശദമായി പരിശോധിച്ചു. തുടർനടപടി സംബന്ധിച്ചു തീരുമാനം പിന്നീടുണ്ടാകും.