ത്രിപുര അക്രമങ്ങൾ: വിഎസ് പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം∙ ത്രിപുരയിൽ ബിജെപിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്രമങ്ങൾ തടയാനും ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പു വരുത്താനും ഇടപെടണമെന്നാവശ്യപ്പെട്ടു ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പ്രധാനമന്ത്രിക്കു കത്തയച്ചു. ത്രിപുരയിലെ തിരഞ്ഞെടുപ്പു വിജയത്തിൽ അഹങ്കരിച്ചു കമ്യൂണിസ്റ്റ് വേട്ട നടത്താനാണു ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.

ദേശീയതലത്തിലുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്നു വൈകിട്ടു കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കുകയെന്ന ദൗത്യമാണു നരേന്ദ്രമോദി ഏറ്റെടുത്തിരിക്കുന്നതെന്നും ത്രിപുരയിലെ അക്രമം ഇതിനു തെളിവാണെന്നും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു.