കൊച്ചി മെട്രോ വൻനഷ്ടം; പാഠമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ∙ കൊച്ചി മെട്രോ വൻ നഷ്ടത്തിലാണെന്നും അതിന്റെ അനുഭവം കൂടി കണക്കിലെടുത്തേ തിരുവനന്തപുരം, കൊച്ചി ലൈറ്റ് മെട്രോ പദ്ധതികളുടെ കാര്യത്തിൽ മുന്നോട്ടു നീങ്ങാൻ കഴിയൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു മെട്രോകളും യാഥാർഥ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു വി.എസ്.ശിവകുമാർ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഡിഎംആർസിയെ ഒഴിവാക്കിയെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നതെന്നും അതോടെ പദ്ധതിയെക്കുറിച്ച് ആശങ്ക ഉയർന്നിരിക്കുന്നുവെന്നും ശിവകുമാർ പറഞ്ഞു.

ഡിഎംആർസിയുടെ സഹായം കേരളം തേടുന്ന കാലത്തു കൊച്ചി മെട്രോയില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ കേരളത്തിൽ തന്നെയുള്ള ആ പദ്ധതിയുടെ വൈദഗ്ധ്യം നമുക്കു ലഭിക്കും. തിരുവനന്തപുരം മെട്രോയുടെ കാര്യത്തിൽ ഡിഎംആർസിയുടെ പദ്ധതി രൂപരേഖ അംഗീകരിച്ചു. എന്നാൽ, കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. കേന്ദ്ര അംഗീകാരം ലഭിക്കാതെ തന്നെ മുന്നോട്ടുപോകാമെന്ന വാദമുണ്ടെങ്കിലും അംഗീകാരം കിട്ടാനാണു ശ്രമിക്കുന്നത്. എന്നാൽ, ഒപ്പം തന്നെ പ്രാരംഭ നടപടികളുമായി നീങ്ങുന്നുമുണ്ട്. മേൽപാല നിർമാണത്തിനും സ്ഥലമെടുപ്പിനുമായി 272 കോടി രൂപ അനുവദിച്ചു. കോഴിക്കോട് മെട്രോയുടെ കാര്യത്തിൽ കേന്ദ്രനിർദേശ പ്രകാരം ചില മാറ്റങ്ങൾ വരുത്തേണ്ടിവരും. ഇതിന്റെ സാമ്പത്തിക സ്ഥിതിയും സമിതി പരിശോധിക്കുന്നു. എന്തായാലും രണ്ടു പദ്ധതികളി‍ൽനിന്നും സർക്കാർ പിന്നോട്ടുപോയിട്ടില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു.