രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കൽ ജനാധിപത്യ രീതിയല്ല: വി.എസ്

പാലക്കാട് ∙ രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്നതു ജനാധിപത്യ രീതിയല്ലെന്നു ഭരണ പരിഷ്ക്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു. ഡിവൈഎഫ്ഐ സംഘടിപ്പിച്ച കെ.സി. ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിനു ശേഷം സംഘപരിവാർ ത്രിപുരയിൽ അഴിഞ്ഞാടുകയാണ്. ജനാധിപത്യമൂല്യങ്ങളെ തകർക്കുകയും രാജ്യത്ത് അസഹിഷ്ണുത പ്രചരിപ്പിക്കുകയുമാണു കേന്ദ്ര സർക്കാർ. തീവ്രഹിന്ദുത്വം അടിച്ചേൽപ്പിക്കുന്ന മോദിയുടെ രീതി ജനാധിപത്യമല്ല. 2004ലെ തിരഞ്ഞെടുപ്പിൽ എൻ‌ഡിഎയ്ക്കുണ്ടായ പരാജയം 2019ലും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം മുണ്ടൂർ ഏരിയാ സെക്രട്ടറി സി.ആർ. സജീവ് അധ്യക്ഷനായി. ചോറാട് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടു പ്രദേശവാസികൾ വിഎസിനു നിവേദനം നൽകി. സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.എ. ഗോകുൽദാസ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. പ്രംകുമാർ, സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കെ. ജയപ്രകാശ്, ഏരിയ കമ്മിറ്റി അംഗം ഡി. സദാശിവൻ, ബാലസുബ്രഹ്മണ്യൻ, ഒ.സി. ശിവൻ, വി. ലക്ഷ്മണൻ, സുൽഫിക്കർ അലി എന്നിവർ പ്രസംഗിച്ചു.