വിഴിഞ്ഞം: സിഎജിയുടെ നടപടികൾക്ക് കമ്മിഷന്റെ രൂക്ഷവിമർശനം

കൊച്ചി ∙ വിഴിഞ്ഞം തുറമുഖ നിർമാണ കരാർ പരിശോധനയുമായി ബന്ധപ്പെട്ട് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സ്വീകരിച്ച നടപടിക്രമങ്ങൾക്കു ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷന്റെ രൂക്ഷവിമർശനം. 

പൂർണമായും സർക്കാർ സഹായത്തോടെയുള്ള പദ്ധതിയുടെ സാമ്പത്തിക വിലയിരുത്തലിനെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഗണത്തിൽപെടുത്തിയ സിഎജിയുടെ അടിസ്ഥാന നടപടി വിഡ്ഢിത്തവും ബുദ്ധിശൂന്യവുമാണെന്നു കമ്മിഷൻ വിലയിരുത്തി. നഷ്ടവും ലാഭവും കണക്കാക്കാതെ സർക്കാരിന്റെ നയപരമായ തീരുമാനമാണു വിഴിഞ്ഞം പദ്ധതിയെന്നും അതു വിലയിരുത്താൻ സിഎജിക്ക് അവകാശമുണ്ടോ എന്നും കമ്മിഷൻ ചോദിച്ചു. സിഎജിയുടെ കണ്ടെത്തലുകളോട് ഇപ്പോഴത്തെ സർക്കാരിനു യോജിപ്പാണെങ്കിൽ, കൂടുതൽ നഷ്ടത്തിന് ഇടയാക്കാതെ പദ്ധതി റദ്ദാക്കുന്നതിനെക്കുറിച്ചു സർക്കാരിന്റെ നിലപാട് അറിയിക്കാനും കമ്മിഷൻ ആവശ്യപ്പെട്ടു. 

സാമ്പത്തികമായി പദ്ധതി പ്രയോജനം ചെയ്യില്ലെന്ന പഠനറിപ്പോർട്ട് ഉണ്ടായിട്ടും 2006–11ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരാണു പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നു തുറമുഖ വകുപ്പ് മുൻ സെക്രട്ടറി ജയിംസ് വർഗീസ് വ്യക്തമാക്കി. പദ്ധതിയുടെ മൊത്തം ചെലവും സർക്കാർ നിശ്ചയിച്ചശേഷം നിർമാണക്കമ്പനികളെ ക്ഷണിക്കുകയായിരുന്നു. 

മന്ത്രിസഭയുടെ കൂട്ടായ തീരുമാനമായിരുന്നു അതെന്നും ആ സാഹചര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ മാത്രം കുറ്റം കാണാനാവുമോയെന്നും കമ്മിഷൻ ചോദിച്ചു. 

സിഎജി റിപ്പോർട്ടിന്റെ സാധുത പരിശോധിക്കാൻ അധികാരമുണ്ടോ എന്നതിലുൾപ്പെടെ പരിഗണനാവിഷയങ്ങളിൽ വ്യക്തത വരുത്തണമെന്നു കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. കൂടുതൽ സമയം വേണമെന്നു സർക്കാർ അഭിഭാഷകൻ എം.പി. ശ്രീകൃഷ്ണൻ ചൂണ്ടിക്കാട്ടിയപ്പോൾ, എത്രയുംവേഗം വിശദീകരണം നൽകണമെന്നു കമ്മിഷൻ പറഞ്ഞു. 

സിഎജി റിപ്പോർട്ട് സർക്കാർ ശരിവയ്ക്കുന്നുണ്ടെങ്കിൽ പദ്ധതി റദ്ദാക്കുന്നതിനെക്കുറിച്ചു സർക്കാർ ചിന്തിച്ചിട്ടുണ്ടോ എന്നു കമ്മിഷൻ ആരാഞ്ഞു. 

പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ഇപ്പോഴത്തെ സർക്കാരും തീരുമാനിച്ചിരിക്കുന്നതെന്നും  അതിനു മുന്നോടിയായി 290 കോടി രൂപ കമ്പനിക്കു നൽകിക്കഴിഞ്ഞതായും അദാനി ഗ്രൂപ്പിന്റെ ഉപദേശകൻ സന്തോഷ്കുമാർ മഹാപത്ര വ്യക്തമാക്കി.