കണ്ണൂർ എസ്പിയുടെ സ്ക്വാഡിലെ പൊലീസുകാർക്കു സ്ഥലം മാറ്റം

കണ്ണൂർ∙ പ്രധാന കേസുകളിൽ അന്വേഷണ സംഘത്തെ സഹായിക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക സ്ക്വാഡിൽ അഴിച്ചുപണി. ആറു പേരുണ്ടായിരുന്ന സംഘത്തിലെ അഞ്ചു പേരെയും വിവിധ സ്റ്റേഷനുകളിലേക്കു സ്ഥലം മാറ്റി ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.

ഷുഹൈബ് വധക്കേസ് അന്വേഷണത്തിലുൾപ്പെട്ട പൊലീസുകാരൻ മാത്രമാണ് ഇനി സ്ക്വാ‍ഡിൽ ബാക്കിയുള്ളത്. മറ്റ് അഞ്ചു പേരെയും ഷുഹൈബ് വധക്കേസിന്റെ അന്വേഷണത്തിൽ കാര്യമായി ഉൾപ്പെടുത്തിയിരുന്നില്ല.

ജില്ലയിലെ ക്രിമിനൽ കേസ് അന്വേഷണത്തിൽ മികവു തെളിയിച്ച സ്ക്വാ‍ഡി‍ൽ നേരത്തേ 12 പേരാണുണ്ടായിരുന്നത്. കാസർകോട്, കോഴിക്കോട് ജില്ലകളിലെ ചില കേസുകളുടെ അന്വേഷണത്തി‌ലും എസ്പിയുടെ സ്പെഷൽ സ്ക്വാ‍ഡ് നിർണായക പങ്കു വഹിച്ചിരുന്നു. കൊലപാതകങ്ങളടക്കം ഒട്ടേറെ കേസുകളിൽ അന്വേഷണ സംഘങ്ങൾക്ക് അവരുടെ സഹായം ലഭിച്ചു.

പിന്നീട്, കക്ഷിരാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണത്തിൽ കടുത്ത സമ്മർദങ്ങൾ ഉണ്ടാവാൻ തുടങ്ങിയതോടെ പലരും സ്ക്വാഡ് വിട്ടു. സിപിഎം പ്രതിസ്ഥാനത്തുള്ള കേസുകളുടെ അന്വേഷണത്തിൽ സഹകരിക്കാൻ പലരും സമ്മർദം മൂലം മടിക്കുന്ന സ്ഥിതിയുമുണ്ടായി. സംഘം പിന്നീട് ആറു പേർ മാത്രമായി ചുരുങ്ങി.

എസ്പിയുടെ സ്ക്വാ‍ഡിലെ അംഗങ്ങൾക്ക് ഔദ്യോഗികമായി കണ്ണൂർ ടൗൺ പരിസരത്തെ വിവിധ സ്റ്റേഷനുകളിലാണു ജോലിയെങ്കിലും ജില്ലാ പൊലീസ് ആസ്ഥാനം കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. അതിൽ കെ.രാജീവനെ വളപട്ടണം സ്റ്റേഷനിൽ നിന്നു പയ്യന്നൂരിലേക്കും, അജയ്കുമാറിനെ പാനൂർ കൺട്രോൾ റൂമിൽ നിന്നു കൂത്തുപറമ്പിലേക്കും, മഹിജനെ കണ്ണൂർ കൺട്രോൾ റൂമിൽ നിന്നു മട്ടന്നൂരിലേക്കും, യോഗേഷിനെ കണ്ണൂർ‌ ടൗണിൽ നിന്നു ചക്കരക്കല്ലിലേക്കും, അനീഷ് കുമാറിനെ ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്നു കണ്ണൂർ ടൗൺ സ്റ്റേഷനിലേക്കുമാണു മാറ്റിയിരിക്കുന്നത്. സ്ഥലം മാറ്റപ്പെട്ടവരെല്ലാം കുറച്ചു കാലമായി നിർജീവമായിരുന്നു. ഇവർക്കു പകരം പുതിയ അംഗങ്ങളെ ഉൾപ്പെടുത്തും.