റബർ നയം: കർമസമിതി രൂപീകരിച്ചു; റിപ്പോർട്ട് രണ്ടുമാസത്തിനകം

ന്യൂഡൽഹി∙ റബർ മേഖല നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനും നയം രൂപീകരിക്കാനുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം കേരളത്തിലെ ചീഫ് സെക്രട്ടറി അധ്യക്ഷനായി കർമസമിതി രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ട് രണ്ടുമാസത്തിനുള്ളിൽ സമർപ്പിക്കും. ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) കരാറുകളും മറ്റു രാജ്യാന്തര കരാറുകളും പരിഗണിച്ചാണു റബർ നയം രൂപീകരിക്കുന്നത്.

കേന്ദ്രത്തിന്റെ സാമ്പത്തിക നയം, ചട്ടങ്ങൾ എന്നിവയും സമിതി പരിഗണിക്കും. കർഷകർ, റബർ ഉൽപന്ന നിർമാതാക്കൾ, തൊഴിലാളികൾ, ഉൽപന്നങ്ങളുടെ ഉപഭോക്താക്കൾ തുടങ്ങിവരുമായി ചർച്ച നടത്താനുള്ള ഉത്തരവാദിത്തവും സമിതിക്കുണ്ട്. കേന്ദ്ര–സംസ്ഥാന സർക്കാരുകളിലെ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും സമിതിയുടെ ചുമതലയിലാണ്.

റബർ കർഷകരുടെ പ്രതിസന്ധിക്കു പരിഹാരം കാണാൻ കഴിഞ്ഞ മാസം 11നു കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ കോട്ടയത്തു കർഷകരുടെയും ഉൽപാദകരുടെയും യോഗം നടന്നിരുന്നു. പിന്നീട്, കേരളത്തിലെ കൃഷി മന്ത്രി വി.എസ്.സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനെ കണ്ടിരുന്നു. ആ കൂടിക്കാഴ്ചയിലാണു ദൗത്യസംഘം രൂപീകരിക്കുന്ന കാര്യം മന്ത്രി പ്രഖ്യാപിച്ചത്.

ത്രിപുര ചീഫ് സെക്രട്ടറിയാണു സംഘത്തിന്റെ ഉപാധ്യക്ഷൻ. റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറാണു കൺവീനർ. വാണിജ്യ മന്ത്രാലയം പ്ലാന്റേഷൻ വിഭാഗം ജോയിന്റ് സെക്രട്ടറിയാവും ഡയറക്ടർ. കേരളത്തിലെയും ത്രിപുരയിലെയും കൃഷി വകുപ്പു പ്രതിനിധികൾ അംഗങ്ങളായിരിക്കും.