ദിലീപിന്റെ ഡി സിനിമാസ്: എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്

തൃശൂർ ∙ നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് തിയറ്റർ പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവ്. കയ്യേറ്റമില്ലെന്നും അനധികൃത നിർമാണങ്ങൾ നടന്നിട്ടില്ലെന്നുമുള്ള വിജിലൻസ് ദ്രുതപരിശോധന റിപ്പോർട്ട് കോടതി തള്ളി. പൊതുപ്രവർത്തകൻ പി.ഡി.ജോസഫാണു ഹർജിക്കാരൻ. 120 സെന്റ് പുറമ്പോക്കു ഭൂമി കയ്യേറി തിയറ്റർ നിർമിച്ച‍ിരിക്കുന്നുവെന്നായിരുന്നു ഹർജിയിലെ ആരോപണം. നടൻ ദിലീപ്, മുൻ കലക്ടർ എം.എസ്.ജയ എന്നിവരെ പ്രതി ചേർത്തു വിജിലൻസ് ദ്രുതപരിശോധന നടത്തി.

എന്നാൽ, പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്നും അനധികൃത നിർമാണം ഉണ്ടായിട്ടില്ലെന്നുമായിരുന്നു വിജിലൻസ് റിപ്പോർട്ട്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നടന്ന നിർമാണ പ്രവർത്തനങ്ങൾ നിയമാനുസൃതമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കലക്ടറുടെ നിർദേശപ്രകാരം ജില്ലാ സർവേയർ നടത്തിയ അന്വേഷണത്തിൽ പുറമ്പോക്ക് കയ്യേറ്റമില്ലെന്നാണു കണ്ടെത്തിയത്. പരിസരത്തുള്ള സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് മാത്രമേ ഡി സിനിമാസിന്റെ കൈവശമുള്ളൂവെന്നും ക്ഷേത്രം അധികൃതർക്ക് ഇതിൽ പരാതില്ലെന്നുമായിരുന്നു സർവേയറുടെ റിപ്പോർട്ട്.