അട്ടപ്പാടി മധു വധം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

മണ്ണാർക്കാട് ∙ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു വധക്കേസിലെ 15 പ്രതികളുടെ ജാമ്യാപേക്ഷ പട്ടികജാതി/വർഗ പ്രത്യേക കോടതി തള്ളി. ഒന്നാം പ്രതി അഗളി കള്ളമല താവളം പാക്കുളം മേച്ചേരിയിൽ ഹുസൈൻ ഒഴികെയുള്ളവരാണു ജാമ്യാപേക്ഷ നൽകിയത്. മധുവിനോടു ക്രൂരമായാണു പ്രതികൾ പെരുമാറിയതെന്നു കോടതി വിലയിരുത്തി. സമൂഹത്തിൽ സ്വാധീനമുള്ള പ്രതികളെ ജാമ്യത്തിൽ വിട്ടാൽ കേസ് അട്ടിമറിക്കാൻ ഇടയാക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവച്ചു.

ജാമ്യാപേക്ഷയ്ക്കൊപ്പം രണ്ടു പ്രതികളിൽ ഒരാൾ രോഗിയാണെന്നുള്ള രേഖകൾ പ്രതിഭാഗം ഹാജരാക്കി. എന്നാൽ, വർഷങ്ങൾക്കു മുൻപു ചികിത്സ തേടിയ രേഖകളാണു ഹാജരാക്കിയതെന്നും ജാമ്യം അനുവദിക്കാൻ ഇതു മതിയായതല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. രോഗിയായ കുട്ടിയെ പരിചരിക്കണമെന്ന മറ്റൊരു പ്രതിയുടെ വാദവും പ്രോസിക്യൂഷൻ എതിർത്തു.