Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഴവുകൾ നിറഞ്ഞ ഐപിഎസ് പട്ടിക യുപിഎസ്‌സി തിരിച്ചയച്ചു

police-ips

തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ കേന്ദ്രത്തിലേക്ക് അയച്ച 2016ലെ ഐപിഎസ് പട്ടിക യൂണിയൻ പബ്ളിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) തിരിച്ചയച്ചു. പട്ടികയിലെ 32 എസ്പിമാരിൽ 20 പേരുടെയും അപേക്ഷകളിലെ ന്യൂനത കാട്ടിയാണു മടക്കിയത്. യുപിഎസ്‌‌സി ആവശ്യപ്പെട്ട രേഖകൾ അടിയന്തരമായി ലഭ്യമാക്കാൻ ചീഫ് സെക്രട്ടറി പോൾ ആന്റണി ഡിജിപി: ലോക്നാഥ് ബെഹ്റയോട് ആവശ്യപ്പെട്ടു.

ഒരു വർഷം വൈകി കേന്ദ്രത്തിലേക്ക് അയച്ച എസ്പിമാരുടെ അപേക്ഷയിൽ പലരുടെയും വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഉണ്ടായിരുന്നില്ല. ചിലതു പുനഃപരിശോധിക്കുകയോ മേലധികാരി അംഗീകരിക്കുയോ ചെയ്തിട്ടില്ല. ചിലരുടെ റിപ്പോർട്ടിന്റെ ഫോട്ടോ കോപ്പിയാണു നൽകിയത്. മറ്റു ചില അപേക്ഷയിൽ മേലധികാരിയുടെ ഒപ്പും സീലും ഉണ്ടായില്ല. ഇത്രയും ഗുരുതര പിഴവുകളോടെ മുൻപൊരിക്കലും ഐപിഎസ് പട്ടിക കേന്ദ്രത്തിനു നൽകിയിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

സി.കെ.രാമചന്ദ്രൻ, ഇ.കെ.സാബു, സി.എഫ്.റോബർട്ട് എന്നിവർക്കെതിരായ കേസുകളുടെ ഇപ്പോഴത്തെ സ്ഥിതിയും അറിയിച്ചില്ല. ഉദ്യോഗസ്ഥർക്കെതിരായ ക്രിമിനൽ നടപടി ക്രമം നിശ്ചിത ഫോമിൽ നൽകിയില്ല. ചില ഉദ്യോഗസ്ഥരിൽനിന്നു പിഴ ഈടാക്കിയതു സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പു നൽകിയില്ല. കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ ലഭ്യമല്ലെങ്കിൽ അംഗീകൃത സർട്ടിഫിക്കറ്റ് കൈമാറാനും കേന്ദ്രം നിർദേശിച്ചു.

നേരത്തേ പൊലീസ് ആസ്ഥാനത്തും ആഭ്യന്തര സെക്രട്ടറിയുടെ ഓഫിസിലും ഒരു വർഷത്തോളം ഫയൽ കെട്ടിക്കിടക്കുകയായിരുന്നു. പട്ടികയിലുള്ള ചിലർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതോടെ ഉടൻ പട്ടിക കൈമാറാൻ ട്രൈബ്യൂണൽ ഉത്തരവിട്ടു. അതോടെയാണു കഴിഞ്ഞ മാസം ഒടുവിൽ പട്ടിക അയച്ചത്. പട്ടിക വേഗത്തിൽ കൈമാറാൻ മുഖ്യമന്ത്രിയുടെ ഓഫിസും നിർദേശിച്ചിരുന്നു.

ഈ 23നു ട്രൈബ്യൂണൽ വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്. അതിനാൽ അതിനു മുൻപായി രേഖകൾ എല്ലാം കൈമാറാനാണു ചീഫ് സെക്രട്ടറിയുടെ നിർദേശം. 2016ലെ ഒഴിവുള്ള 13 ഐപിഎസ് തസ്തികകളിലേക്കു സീനിയോറിറ്റി അടിസ്ഥാനമാക്കിയാണു 32 എസ്പിമാരുടെ പേരുകൾ അയച്ചത്. ഇവർക്ക് ഐപിഎസ് ലഭിച്ചാൽ നിയമനം നടത്തുന്നതിനായി മതിയായ ഒഴിവില്ലെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ വാദം. നേരത്തേ എസ്പിമാരായി സ്ഥാനക്കയറ്റം ലഭിച്ച ചിലരെ ഡിവൈഎസ്പിമാരായി തരംതാഴ്ത്തേണ്ടി വരും. അതിനാൽ ഐപിഎസ് ലഭിക്കുന്നതു സെക്രട്ടേറിയറ്റിലെ ചിലർ മനപ്പൂർവം വൈകിക്കുന്നതായാണ് ആക്ഷേപം.

പട്ടികയിൽ 32 എസ്പിമാർ

പട്ടികയിലുള്ള എസ്പിമാർ: ടി.എ.സലീം, എ.കെ.ജമാലുദീൻ, യു.അബ്ദുൽ കരീം, കെ.എം.ആന്റണി, ജെ.സുകുമാരപിള്ള, ടി.എസ്.സേവ്യർ, പി.എസ്.സാബു, സി.കെ.രാമചന്ദ്രൻ, കെ.പി.വിജയകുമാരൻ, കെ.എസ്.വിമൽ, ജയിംസ് ജോസഫ്, കെ.എം.ടോമി, പി.കെ.മധു, ആർ.സുകേശൻ, എ.അനിൽകുമാർ, കെ.ബി.രവി, ഇ.കെ.സാബു, എസ്.രാജേന്ദ്രൻ, സി.ബി.രാജീവ്, സി.എഫ്.റോബർട്ട്, കെ.എസ്.സുരേഷ് കുമാർ, തമ്പി എസ്.ദുർഗാദത്ത്, രതീഷ് കൃഷ്ണൻ, പി.വി.ചാക്കോ, പി.കൃഷ്ണകുമാർ, കെ.സതീശൻ, ടോമി സെബാസ്റ്റ്യൻ, എൻ.വിജയകുമാർ, കെ.രാജേന്ദ്രൻ, എ.ആർ.പ്രേംകുമാർ, ബേബി ഏബ്രഹാം, ടി.രാമചന്ദ്രൻ. ഇതിൽ ഉൾപ്പെടേണ്ടിയിരുന്ന ജയകുമാർ നേരത്തേ സ്വയം വിരമിച്ചു.

അടുത്തിടെ ഐപിഎസ് ലഭിച്ച നാല് എസ്പിമാർക്കും നിയമനം.

ഇ.ഷെറിഫുദീൻ– ഇന്റലിജൻസ് സതേൺ റേഞ്ച്, പി.സുനിൽ ബാബു– വിജിലൻസ് ആസ്ഥാനം, ഡി.രാജൻ– ടെലികമ്യൂണിക്കേഷൻ, കെ.കെ.അബ്ദുൽ ഹമീദ്– ക്രൈംബ്രാഞ്ച് കണ്ണൂർ എന്നിങ്ങനെയാണു നിയമിച്ചത്. എല്ലാവരും ചുമതലയേറ്റു.