സർക്കാരിനു കീഴിലെ കരാർ ജീവനക്കാർക്കും പ്രസവരക്ഷ

കൊച്ചി ∙ സ്ത്രീകൾക്കു ഹൈക്കോടതിയിൽനിന്ന് ആഹ്ലാദവർത്തമാനം. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിലും പദ്ധതികളിലും ജോലി ചെയ്യുന്ന കരാർ ജീവനക്കാർക്കും സ്ഥിരം ജീവനക്കാർക്കൊപ്പം നിയമപ്രകാരമുള്ള പ്രസവാവധിക്ക് അർഹതയുണ്ടെന്നു കോടതി. 

സംസ്ഥാന, കേന്ദ്ര സർവീസുകളിലുള്ളവർക്കു 180 ദിവസം പ്രസവാവധിയുള്ളപ്പോൾ കരാർ ജീവനക്കാർക്കു 90 ദിവസമേ അനുവദിക്കൂ എന്ന നിലപാട് അനുവദനീയമല്ലെന്നു ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കി.  

പൊതു തൊഴിൽ മേഖലയിൽ സ്ത്രീകൾക്കു തുല്യ അവസരം ലഭ്യമാക്കാനും വനിതാക്ഷേമം നടപ്പാക്കാനുമാണു നിയമനിർമാണത്തിലൂടെ പ്രസവാവധി കൂട്ടിയത്. അതിന്റെ പ്രയോജനം എല്ലാവർക്കും ലഭിക്കണം. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു എന്ന കാരണത്താൽ വിവേചനമരുത്. മാതൃത്വവുമായി ബന്ധപ്പെട്ടുള്ള ഒഴിവാക്കാനാവാത്ത ബാധ്യതകളുടെ പേരിൽ സ്ത്രീ ജീവനക്കാർക്കു തുല്യ അവസരം നിഷേധിക്കാനാവില്ല. 

കോടതിയിലെത്തിയത് ഇവർ 

മല്ലപ്പള്ളി സ്വദേശി രശ്മി ആൻ തോമസ്, കൊച്ചി സ്വദേശി പി.വി.രാഖി എന്നിവരുടെ ഉൾപ്പെടെ ഒരുകൂട്ടം ഹർജികളാണു കോടതി പരിഗണിച്ചത്. മാനവശേഷി മന്ത്രാലയത്തിന്റെ രാഷ്ട്രീയ മധ്യമിക് ശിക്ഷ അഭിയാനു കീഴിൽ സർക്കാർ സ്കൂളുകളിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന റിസോഴ്സ് അധ്യാപകരും ഉന്നതവിദ്യാഭ്യാസ വകുപ്പിൽ ‘അസാപ്’ പ്രോഗ്രാം മാനേജർ ആയി കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ജീവനക്കാരിയും മറ്റും കോടതിയിലെത്തിയിരുന്നു. മൂന്നു മാസത്തെ പ്രസവാവധിക്കു ശേഷം ജോലിക്കു കയറണമെന്ന നിർദേശം ചോദ്യം ചെയ്താണു ഹർജികൾ. 

കോടതി പറഞ്ഞത് 

സർക്കാർ സ്പോൺസേർഡ് പദ്ധതികളിലാണു ഹർജിക്കാർ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. സ്ഥിരം ജീവനക്കാർക്കു സംസ്ഥാന, കേന്ദ്ര സർവീലുള്ള പ്രസവാവധി ലഭിക്കാൻ ഹർജിക്കാർക്ക് അർഹതയുണ്ട്. ഇവർക്ക് 26 ആഴ്ച പ്രസവാവധി അനുവദിച്ചു രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തരവിറക്കണം. 

നിലവിലെ നിയമം 

∙ സംസ്ഥാന സർവീസിലുള്ളവർക്കു കേരള സർവീസ് ചട്ടപ്രകാരം 180 ദിവസം പ്രസവാവധി

∙ കേന്ദ്രസർക്കാർ ജീവനക്കാർക്കുൾപ്പെടെ ബാധകമായ മെറ്റേണിറ്റി ബെനഫിറ്റ് നിയമ (പ്രസവകാല ആനുകൂല്യ നിയമം) പ്രകാരം 26 ആഴ്ച.