എറണാകുളം, ചെങ്ങന്നൂർ സ്റ്റേഷനുകളും ലോകോത്തര നിലവാരത്തിലേക്ക്

ന്യൂഡൽഹി∙ രാജ്യത്തെ 91 റെയിൽവേ സ്റ്റേഷനുകൾ ആധുനികീകരിക്കുന്നതിൽ കേരളത്തിൽ നിന്ന് എറണാകുളത്തെയും ചെങ്ങന്നൂരിനെയും കൂടി ഉൾപ്പെടുത്തി. കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ കേന്ദ്ര വിനോദസഞ്ചാര മന്ത്രി അൽഫോൻസ് കണ്ണന്താനത്തെ അറിയിച്ചതാണ് ഇക്കാര്യം.

കോട്ടയം, കോഴിക്കോട്, പാലക്കാട് എന്നിവയാണു വികസിപ്പിക്കുന്ന മറ്റു സ്റ്റേഷനുകൾ. ഇവയെ ലോകോത്തര നിലവാരമുള്ള സ്റ്റേഷനുകളായി വികസിപ്പിക്കും. പ്രമുഖ തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കു പോകുന്നവർ ആശ്രയിക്കുന്ന സ്റ്റേഷൻ എന്ന നിലയ്ക്കാണു ചെങ്ങന്നൂരിനെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഈ 91 സ്റ്റേഷനുകളുടെയും വികസനത്തിനു 15 മുതൽ 20 കോടി വരെ രൂപയാണ് അനുവദിക്കുന്നത്.

ഇവയുടെ വികസനത്തിനു മേഖലാ റെയിൽവേ, നാഷനൽ ബിൽഡിങ്സ് കൺസ്ട്രക്‌ഷൻ കോർപറേഷൻ, ഇന്ത്യൻ റെയിൽവേയ്സ് കൺസ്ട്രക്‌ഷൻ കോർപറേഷൻ, ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡെവലപ്മെന്റ് കോർപറേഷൻ എന്നിവയെയാണു ചുമതലപ്പെടുത്തുക.

കേരളത്തിലെ സ്റ്റേഷനുകളിൽ കോഴിക്കോട്, കോട്ടയം, ചെങ്ങന്നൂർ, പാലക്കാട് എന്നീ സ്റ്റേഷനുകളുടെ വികസനത്തിന്റെ ചുമതല സോണൽ റെയിൽവേക്കാണ്, എറണാകുളം സ്റ്റേഷൻ വികസിപ്പിക്കുക എൻബിസിസിയാണ്.

കർണാടകയിൽ മൂന്നും തമിഴ്നാട്ടിൽ നാലും റെയിൽവേ സ്റ്റേഷനുകളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യശ്വന്ത്പുർ, മൈസൂരു, ധാർവാഡ് എന്നിവയാണു കർണാടകയിലെ സ്റ്റേഷനുകൾ. തമിഴ്നാട്ടിൽ മധുര, ചെന്നൈ എഗ്‌മൂർ, തിരുച്ചിറപ്പള്ളി, സേലം എന്നീ സ്റ്റേഷനുകളെയാണു വികസിപ്പിക്കുക.