റെയിൽപാതകളിലെ വേഗം കൂട്ടാൻ പദ്ധതിയുമായി റെയിൽവേ ബോർഡ്

കൊച്ചി∙ പ്രധാന റെയിൽപാതകളിൽ ട്രെയിനുകളുടെ വേഗം കൂട്ടാനുള്ള ആക്‌ഷൻ പ്ലാൻ തയാറാക്കാൻ റെയിൽവേ ബോർഡ് സോണൽ ജനറൽ മാനേജർമാർക്ക് നിർദേശം നൽകി. മണിക്കൂറിൽ 130 കിലോമീറ്റർ േവഗം സാധ്യമാകുന്ന തരത്തിൽ പാതകൾ നവീകരിക്കാനാണു നിർദേശം. റിപ്പോർട്ട് ഏപ്രിൽ ആദ്യവാരം ബോർഡിനു നൽകണം.

ഗ്രൂപ്പ് എ, ബി എന്നിവയിൽപെട്ട റൂട്ടുകളിലാണു പരിഷ്കാരം. ഗ്രൂപ്പ് എയിൽ ഡൽഹി-ഹൗറ, ഡൽഹി-മുംബൈ, ഡൽഹി-ചെന്നൈ, ഹൗറ-മുംബൈ എന്നിവയാണുള്ളത്. ഗ്രൂപ്പ് ബിയിലെ 20 റൂട്ടുകളിൽ കേരളത്തിൽ നിന്ന് എറണാകുളം-ഷൊർണൂർ പാത മാത്രമാണുള്ളത്. കോയമ്പത്തൂർ വരെ പാത നവീകരണം നടക്കുമെങ്കിലും കേരളത്തിൽ നടക്കാനുള്ള സാധ്യത വിദൂരമാണ്.

പാതയിലെ വളവുകൾ മൂലം ഷൊർണൂർ-എറണാകുളം റൂട്ടിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗം സാധ്യമല്ലെന്നാണ് എൻജീനിയറിങ് വിഭാഗം മുൻപു കണ്ടെത്തിയത്. വേഗപരിധി 130 ആക്കേണ്ട പാതയിലെ നിലവിലുള്ള വേഗം 80 ആണ്. ചെലവു കുറയ്ക്കാനായി മീറ്റർഗേജ് പാതയുടെ അലൈൻമെന്റിൽ കാര്യമായ മാറ്റം വരുത്താതെയാണു പാത ബ്രോഡ്ഗേജാക്കിയത്.

രണ്ടാം പാത വന്നപ്പോഴും ഇതുതന്നെ ആവർത്തിച്ചു. ഇപ്പോൾ അനുമതി ലഭിച്ച മൂന്നാം പാതയും ഇതേ അലൈൻമെന്റിലാണെന്നിരിക്കെ ഷൊർണൂർ പാതയിലെ വേഗം കൂട്ടാൻ കഴിയില്ല. വളവുകൾ നിവർത്തി പ്രശ്നം പരിഹരിക്കാമെങ്കിലും അതിനു ഭാരിച്ച ചെലവു വരും.

ഭാവിയിൽ അനുവദിക്കാവുന്ന പരമാവധി വേഗത്തിന്റെ അടിസ്ഥാനത്തിലാണു പാതകളെ എ (മണിക്കൂറിൽ 160 കിലോമീറ്റർ വേഗം), ബി (130), സി (സബേർബൻ), ഡി (100) എന്നിങ്ങനെ തിരിച്ചിട്ടുള്ളത്. വേഗം കുറവായതിനാൽ തിരുവനന്തപുരം ഡിവിഷനിലെ മിക്ക പാതകളും ഗ്രൂപ്പ് ഡിയിലാണ്. 75 കിലോമീറ്ററിൽ താഴെ വേഗമുള്ള തിരുവനന്തപുരം-നാഗർകോവിൽ പാത ഗ്രൂപ്പ് ഇയിലാണ്.