ചെങ്ങന്നൂരിലെ ഫലം പിണറായിയുടെ ഭാവി നിർണയിക്കും: രമേശ്

ചെങ്ങന്നൂർ ∙ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചാൽ കേരളത്തിലെ ഗ്രാമങ്ങളിലെല്ലാം മദ്യഷാപ്പുകൾ തുറക്കാനുള്ള തീരുമാനത്തിലാകും മന്ത്രിസഭ ആദ്യം ഒപ്പുവയ്ക്കുകയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ആണു വിജയിക്കുന്നതെങ്കിൽ പിണറായി വിജയൻ ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി ചരിത്രത്തിലേക്കു മാറും. അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി ഒരു പക്ഷത്തും രാജ്യത്തെ മതനിരപേക്ഷ കക്ഷികൾ മറുഭാഗത്തുമായാകും തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും രാഹുൽ ഗാന്ധി അധികാരത്തിലെത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അരി ആവശ്യപ്പെടുന്ന ജനങ്ങൾക്കു മദ്യം നൽകുന്ന, അണികളെ ഇറക്കിവിട്ടു ജനങ്ങളെ കൊലപ്പെടുത്തുന്ന സർക്കാരിനെതിരായ വിധിയെഴുത്താകും ചെങ്ങന്നൂരിൽ സംഭവിക്കുകയെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ എം.മുരളി അധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, എംപിമാരായ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.