ഷുഹൈബ് വധം: അപ്പീൽ ഹൈക്കോടതി പരിഗണിക്കും

കൊച്ചി∙ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐയ്ക്കു വിട്ട സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെയുള്ള ക്രിമിനൽ അപ്പീൽ ഡിവിഷൻ ബെഞ്ചിൽ നിലനിൽക്കുമെന്നു ഹൈക്കോടതി.

 അപ്പീൽ കോടതിയുടെ മധ്യവേനലവധിക്കു ശേഷം പരിഗണിക്കാൻ മാറ്റി. സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണു ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ക്രിമിനൽ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിലനിൽക്കില്ലെന്നും സുപ്രീംകോടതിയെ ആണു സമീപിക്കേണ്ടതെന്നും ഷുഹൈബിന്റെ മാതാപിതാക്കളുടെ അഭിഭാഷകൻ തടസ്സവാദം ഉന്നയിച്ചിരുന്നു. ഈ നിയമപ്രശ്നത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. 

പഴയ മദ്രാസ് പ്രവിശ്യയുടെ ഭാഗമായ മലബാർ മേഖലയിൽ ലെറ്റർ പേറ്റന്റ് (മദ്രാസ്) നിയമം ഇപ്പോഴും ബാധകമാണെന്നും, നിയമത്തിലെ 15–ാം വകുപ്പനുസരിച്ചു ക്രിമിനൽ റിട്ട് ഹർജികളിൽ സിംഗിൾ ജഡ്ജിയുടെ ഉത്തരവിന്മേൽ അതേ ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കില്ലെന്നുമായിരുന്നു ഷുഹൈബിന്റെ മാതാപിതാക്കൾക്കു വേണ്ടി അഭിഭാഷകന്റെ വാദം. കേരള ഹൈക്കോർട്ട് ആക്ട് നിലവിൽ വന്നതോടെ ലെറ്റർ പേറ്റന്റ് (മദ്രാസ്) നിയമം ബാധകമല്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കുന്ന സുപ്രീംകോടതി വിധികളുണ്ടെന്നും ചൂണ്ടിക്കാട്ടി.