ചെങ്ങന്നൂരിൽ വിജയം പാർട്ടി നിൽക്കുന്നിടത്ത്: കെ.എം.മാണി

കോട്ടയം ∙ കേരള കോൺഗ്രസ് (എം) സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ശക്തിയാണെന്നും ചെങ്ങന്നൂരിൽ പാർട്ടി ആർക്കൊപ്പം നിൽക്കുന്നുവോ വിജയം അവർക്കൊപ്പമായിരിക്കുമെന്നും കെ.എം.മാണി. തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് താൽക്കാലിക മുന്നണി പ്രവേശനമില്ല. ആരോടും വിലപേശേണ്ട കാര്യം പാർട്ടിക്കില്ല. ആവശ്യമുള്ളവർ ഇങ്ങോട്ടു വരുമെന്നു ഞങ്ങൾക്കറിയാം–മാണി പറഞ്ഞു.

പാർട്ടി പ്രത്യക്ഷമായോ പരോക്ഷമായോ നിൽക്കുന്നിടത്താകും വിജയം. കേരള കോൺഗ്രസിനെ വിസ്മരിച്ചുകൊണ്ടോ തള്ളിക്കൊണ്ടോ ഒരു പാർട്ടിയും അവിടെ വിജയിക്കില്ല. വോട്ട് എങ്ങനെ വിനിയോഗിക്കണമെന്ന് അവിടത്തെ പാർട്ടി പ്രവർത്തകർക്ക് അറിയാം. ഇതുസംബന്ധിച്ച് ഉൾപ്പാർട്ടി ചർച്ച നടത്തിയിട്ടുണ്ട്. മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനങ്ങൾ തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നിട്ടു പ്രഖ്യാപിക്കും. ഒരു മുന്നണിയുടെയും ഭാഗമാകാൻ അപേക്ഷ കൊടുത്തിട്ടില്ല.

മുന്നണിയിലേക്കു തിരികെ വരണമെന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയെ മാനിക്കുന്നു. പാർട്ടിയോടു കാണിക്കുന്ന അനുഭാവത്തിനു നന്ദിയുണ്ടെന്നും മാണി പറഞ്ഞു.

അതേസമയം, ചെങ്ങന്നൂരിൽ മത്സരിക്കുന്നതിൽ രണ്ടു സ്ഥാനാർഥികൾ മാത്രമാണു കേരള കോൺഗ്രസിനോടു വോട്ട് അഭ്യർഥിക്കാൻ എത്തിയിട്ടുള്ളൂ എന്നു ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. യുഡിഎഫിനു പരോക്ഷമായ വിമർശനവും ജില്ലാ നേതൃയോഗത്തിലുണ്ടായി.