നിസാൻ ഡിജിറ്റൽ ഹബ്: അവകാശവാദവുമായി‍‌ കണ്ണന്താനവും തരൂരും

തിരുവനന്തപുരം∙ നിസാൻ ഗ്ലോബൽ ഡിജിറ്റൽ ഹബ് നടപ്പാകുന്നതിനു മുൻപു തന്നെ പദ്ധതി തലസ്ഥാനത്ത് എത്തിച്ചതിന്റെ ‘ക്രെഡിറ്റി’നായി അവകാശവാദങ്ങൾ. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ശശി തരൂർ എംപിയും അവകാശവുമായി രംഗത്തെത്തി.

തലസ്ഥാനത്തിനു പുതിയ പദ്ധതിയെന്ന നിലയിൽ നിസാൻ ഡിജിറ്റൽ ഹബ്ബിനെ അവതരിപ്പിച്ചത് അൽഫോൻസ് കണ്ണന്താനമാണ്. എന്നാൽ നിസാൻ കമ്പനിയെ കേരളത്തിലേക്കു ക്ഷണിച്ച് ആദ്യമായി മെയ്ൽ അയച്ചതു മുതൽ താനാണു മുന്നിലുണ്ടായിരുന്നതെന്നു ചൂണ്ടിക്കാട്ടി തരൂരും രംഗത്തെത്തി.

കണ്ണന്താനം കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകർക്കു മുൻപിൽ ഈ പദ്ധതിയെക്കുറിച്ചു പറഞ്ഞതിനു മറുപടിയെന്ന നിലയിലാണു താൻ ഫെയ്സ് ബുക് പോസ്റ്റ് എഴുതിയതെന്നു തരൂർ ട്വിറ്ററിൽ കുറിച്ചു. മുഖ്യമന്ത്രിയുമായി താൻ വിഷയത്തിൽ ചർച്ച നടത്തിയെന്നും കണ്ണന്താനം ഞായറാഴ്ച പറഞ്ഞിരുന്നു.

നിസാൻ ചീഫ് ഇൻഫർമേഷൻ ഓഫിസറായി മലയാളിയായ ആന്റണി തോമസ് എത്തിയപ്പോൾ തന്നെ താനിതു പ്രവചിച്ചിരുന്നു എന്ന മട്ടിൽ പഴയ ട്വീറ്റ് ഇന്നലെ തരൂർ വീണ്ടും പോസ്റ്റ് ചെയ്തതും കൗതുകമായി. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന നിലയിലാണു മുഖ്യമന്ത്രിയും ഐടി വകുപ്പും ഇതിനെ കാണുന്നത്. എന്നാൽ സർക്കാർ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

ഡ്രൈവർരഹിത വാഹനങ്ങളും ഇലക്ട്രിക് കാറുകളും വികസിപ്പിക്കാനാണു നിസാൻ മോട്ടോർ കമ്പനി ഗ്ലോബൽ‌ ഡിജിറ്റൽ ഹബ് ടെക്നോപാർക്കിൽ ആരംഭിക്കുന്നത്.