വാട്ടർ വേൾഡ് കമ്പനിയുടെ നിർമാണം പൊളിച്ചുനീക്കി

കുട്ടനാട്∙ മാർത്താണ്ഡം കായലിൽ തോമസ് ചാണ്ടി എംഎൽഎയുടെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് കമ്പനി നിർമിച്ച കോൺക്രീറ്റ് നിർമാണം പൊളിച്ചുനീക്കി. മണ്ണിട്ടുയർത്തിയ ഭൂമിയിൽ സ്ഥാപിച്ചിരുന്ന തൂണുകളും സ്ലാബുകളുമാണു നീക്കിയത്.

തോമസ് ചാണ്ടിയുടെ മകൻ ടോബിയുടെ പേരിലുള്ള കൃഷിയ‍ിടം നികത്തുന്നവിധം മണ്ണിറക്കിയതും നീക്കം ചെയ്തു. കമ്പനി അധികൃതരുടെ നേതൃത്വത്തിലാണ് അനധികൃത നിർമിതികൾ പൊളിച്ചു തുടങ്ങിയത്. തണ്ണീർത്തട നിയമം ലംഘിച്ചു മാർത്താണ്ഡം കായലിൽ കൃഷിഭൂമി മണ്ണിട്ടുയർത്തിയെന്നു പരാതി ഉയർന്നതോടെ റവന്യു വകുപ്പ് സർവേ നടത്തുകയും നിർമാണ പ്രവൃത്തികൾ പൂർവ സ്ഥിതിയിലാക്കാൻ നടപടി തുടങ്ങുകയും ചെയ്തതോടെയാണു വാട്ടർ വേൾഡ് ടൂറിസം കമ്പനി തന്നെ നിർമാണങ്ങൾ പൊളിച്ചുനീക്കിയത്.

കമ്പനിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ മണ്ണിട്ട് ഉയർത്തിയപ്പോൾ സമീപത്തു ടോബിയുടെ കൃഷിയിടത്തിൽ രണ്ടു മീറ്ററോളം മണ്ണിട്ടതായി റവന്യു ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതു മാറ്റി നിലം പൂർവ സ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ടു ടോബിക്കു കൈനകരി വടക്ക് വില്ലേജ് ഓഫിസർ നോട്ടിസ് നൽകി. തുടർന്നു കമ്പനിക്കു ടോബി നോട്ടിസ് നൽകി. ഇതിനെത്തുടർന്നാണു വാട്ടർ വേൾഡ് കമ്പനി കൃഷിയിടം പൂർവ സ്ഥിതിയിലാക്കിയത്.