ജനനേന്ദ്രിയം മുറിച്ചത് ഒന്നിലധികം പേർ ചേർന്ന്: സ്വാമി ഗംഗേശാനന്ദ

കൊച്ചി∙ ഒന്നിലധികം പേർ ചേർന്നാണ് തന്റെ ജനനേന്ദ്രിയം മുറിച്ചതെന്ന് സ്വാമി ഗംഗേശാനന്ദ. ആർക്കെതിരെയും പരാതി ഇല്ലാത്തതിനാലാണു സ്വയം മുറിച്ചതാണെന്നു പറഞ്ഞത്. സഹായം ലഭിച്ചവർ പ്രത്യുപകാരം ചെയ്തതായി മാത്രമേ ഇതിനെ കാണുന്നുള്ളുവെന്നും ഗംഗേശാനന്ദ പറഞ്ഞു.

എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലെ ചികിൽസയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നു ശസ്ത്രക്രിയകൾക്കുശേഷം കഴിഞ്ഞ ഡിസംബറിലാണ് ഗംഗേശാനന്ദയെ സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശക്തമായ അണുബാധയും നീർക്കെട്ടും ജനനേന്ദ്രിയത്തിൽ ഉണ്ടായിരുന്നു. മൂത്രാശയ വിഭാഗം മേധാവിയും സീനിയർ കൺസൽറ്റന്റ് ലാപ്രോസ്കോപിക് സർജനുമായ ഡോ. ആർ. വിജയന്റെ ചികിൽസയിലായിരുന്നു അദ്ദേഹം.

നീർക്കെട്ടും അണുബാധയും മാറ്റിയപ്പോൾ നാലു സെന്റീമീറ്റർ അകലത്തിൽ രണ്ടു കഷ്ണങ്ങളായി മുറി‍ഞ്ഞിരിക്കുകയാണെന്നു കണ്ടെത്തിയതായി ഡോ. വിജയൻ പറഞ്ഞു. പ്രധാന രക്തക്കുഴലുകൾ നശിച്ച് ചർമത്തിന്റെ സഹായത്തോടെ മാത്രമാണ് നിലനിന്നത്. മുറിവേറ്റ ഭാഗങ്ങൾ അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേർത്തു.

യൂറോളജി, പ്ളാസ്റ്റിക് സർജറി സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു. മൂന്ന് ആഴ്ചയ്ക്കുശേഷം ഗംഗേശാനന്ദ പൂർണമായി സുഖം പ്രാപിച്ചതായി ഡോ. വിജയൻ പറഞ്ഞു.