Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ട്രെച്ചർ കുത്തിയിറക്കി രോഗി മരിച്ച സംഭവം: ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

Stretcher-death 1. ആംബുലൻസിൽനിന്ന് ഇറക്കുന്നതിനിടെ തൃശൂർ മെഡി. കോളജിൽ രോഗിയെ സ്ട്രെച്ചറിൽ തലകീഴായി വച്ചപ്പോൾ. 2. അറസ്റ്റിലായ മുഹമ്മദ് ഷെരീഫ്.

തൃശൂർ ∙ ആംബുലൻസിൽനിന്നു സ്ട്രെച്ചർ കുത്തിയിറക്കി അജ്ഞാത രോഗി പിന്നീടു മരിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ പാലക്കാട് കടുക്കാംകുന്നം ആറ്റത്തറ ആണ്ടിമഠം വീട്ടിൽ മുഹമ്മദ് ഷെരീഫിനെ (38) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ജീവന് അപായമുണ്ടാകും വിധം രോഗിയെ അശ്രദ്ധമായി കൈകാര്യം ചെയ്തുവെന്നാണു കേസ്.

അതേസമയം, രോഗിയെ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നു മെ‍ഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ബിജുകൃഷ്ണൻ ആരോഗ്യമന്ത്രിക്കു റിപ്പോർട്ട് നൽകി. 

അത്യാസന്ന നിലയിലായിരുന്ന രോഗിയെ പാലക്കാട് ജനറൽ ആശുപത്രിയിൽ എത്തിച്ചതു മുതൽ ഗുരുതരമായ വീഴ്ചയുണ്ടായെന്നു റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് ആശുപത്രിയിൽ എത്തിച്ച രോഗിക്കു പ്രാഥമിക ചികിൽസ നൽകിയില്ല. 

അതീവ ഗുരുതരാവസ്ഥയിലാണെന്നറി‍‍ഞ്ഞിട്ടും രോഗിയെ മെഡിക്കൽ കോളജിലേക്ക് അയയ്ക്കുമ്പോൾ ഡ്രിപ്പ് നൽകുകയോ നഴ്സിങ് സ്റ്റാഫിന്റെ സേവനം ഉറപ്പാക്കുകയോ ചെയ്തില്ല. ആംബുലൻസിലെത്തിക്കുന്ന രോഗി അതീവ ഗുരുതരാവസ്ഥയിലാണെന്ന മുന്നറിയിപ്പ് നൽകുന്നതിനുള്ള സൈറൺ ആംബുലൻസ് ഡ്രൈവർ പ്രവർത്തിപ്പിച്ചില്ല. രോഗിയോടൊപ്പമെത്തിയവർ അത്യാഹിത വിഭാഗത്തിലെത്തി രോഗിയെ ഡോക്ടറുടെ അടുത്തെത്തിക്കുവാൻ വീൽചെയറാണ് ആവശ്യപ്പെട്ടത്.

സംഭവം ചർച്ചയായതോടെ ആരോഗ്യമന്ത്രി ആശുപത്രി സൂപ്രണ്ടിനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു.

ബൈക്കിടിച്ച് അബോധാവസ്ഥയിൽ തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റു റോഡരികിൽ കിടന്ന രോഗിയെ ചൊവ്വാഴ്ച രാത്രി 8.30നാണു മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. രോഗി സ്ട്രെച്ചറിൽ മലമൂത്രവിസർജനം നടത്തിയതിൽ ദേഷ്യം പൂണ്ട ഡ്രൈവർ സ്ട്രെച്ചർ വലിച്ചിറക്കി താഴെ കുത്തിനിർത്തിയെന്നാണു കേസ്. 

തലച്ചോറിനു ക്ഷതമേറ്റ രോഗിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും മരിച്ചു. തിരിച്ചറിഞ്ഞിട്ടില്ലാത്തതിനാൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആംബുലൻസ് ഡ്രൈവർമാർക്ക് പരിശീലനമില്ല

പാലക്കാട്∙ആരോഗ്യവകുപ്പിലെ ആംബുലൻസ് ഡ്രൈവർമാർക്കു രോഗികൾക്കു നൽകേണ്ട പ്രാഥമിക പരിചരണം സംബന്ധിച്ച് പരിശീലനം പോലുമില്ല. കേരള സർവീസ് ചട്ടം, റോഡ് സുരക്ഷ എന്നിവ സംബന്ധിച്ച ക്ലാസ് മാത്രമാണു നൽകുന്നത്. രോഗികളെ ആംബുലൻസിൽ കയറ്റുന്നതിൽ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. 

സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർക്കും പരിശീലനം ലഭ്യമാക്കിയാൽ രോഗിയുടെ തുടർ ചികിത്സയിൽ ഏറെ സഹായകരമാകുമെന്നു ഡോക്ടർമാർ പറയുന്നു. ആംബുലൻസ് ഡ്രൈവർമാരാണു രോഗികളെ വാഹനത്തിൽ കയറ്റാനും ഇറക്കാനും സഹായിക്കുന്നത്. 

സർക്കാർ ആശുപത്രികളിൽ രോഗികളെ സ്ട്രെച്ചറിലേക്കു മാറ്റിക്കിടത്താനും ഇവർ സഹായിക്കുന്നുണ്ട്. അപകടസംഭവങ്ങളിൽ രോഗികളെ മാറ്റിക്കിടത്തുമ്പോഴും വാഹനത്തിലേക്കു മാറ്റുമ്പോഴും ഏറെ ശ്രദ്ധ അനിവാര്യമാണ്. ശ്രദ്ധക്കുറവ് ആന്തരിക ക്ഷതങ്ങൾക്ക് ഇടയാക്കും.

related stories