Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗിയെ തലകീഴായിവച്ച് ആംബുലന്‍സ് ഡ്രൈവർ; മനഃപൂർവമല്ലാത്ത വീഴ്ചയെന്ന് റിപ്പോർട്ട്

unknown-man-died-in-thrissur-medical-college പാലക്കാട് തച്ചനാട്ടുകരയിൽ അപകടത്തിൽപെട്ട അജ്ഞാതൻ.

തൃശൂർ∙ രോഗി ആംബുലൻസിൽ മലമൂത്രവിസർജനം നടത്തിയതിൽ രോഷം പൂണ്ട് ഡ്രൈവർ സ്ട്രെച്ചർ ആംബുലൻസിൽനിന്നു വലിച്ചു തലകീഴായി താഴെയിട്ട സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. ഡ്രൈവറുടേത് മനഃപൂർവമല്ലാത്ത വീഴ്ചയാണെന്ന് തൃശൂർ മെഡിക്കൽ കോളജ് സൂപ്രണ്ട് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവർ വേണ്ട ജാഗ്രത കാണിച്ചില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിക്കു വേണ്ട പരിചരണം ലഭിച്ചെന്നും അപകടത്തിൽ പരുക്കേറ്റതാണ് രോഗി മരിക്കാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവർ പാലക്കാട് സ്വദേശി ഷെരീഫിന് എതിരെ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. രോഗിയെ അശ്രദ്ധമായി കൈകാര്യം ചെയ്തെന്നാണു കുറ്റം.

റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യമന്ത്രിക്കു കൈമാറും. സംഭവത്തിലെ രോഗി പിന്നീടു ആശുപത്രിയിൽ മരിച്ചിരുന്നു. തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് രോഗി മരിച്ചത്. ഇയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ 20 ന് പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ കൊടക്കാടിനു സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചാണ് ഇയാൾക്കു പരുക്കേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച രോഗിയെ വിദഗ്ധ ചികിത്സയ്ക്കായാണു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. തൃശൂരിലേക്കുള്ള യാത്രാമധ്യേ രോഗി ആംബുലൻസിൽ മലമൂത്രവിസർജനം നടത്തിയതിൽ രോഷം പൂണ്ടാണു ഡ്രൈവർ സ്ട്രെച്ചർ വാഹനത്തിൽ നിന്നു വലിച്ചു താഴേക്കിട്ടത്. ഇതുവഴി രോഗിയുടെ തല തറയിൽ ഇടിച്ചതായും ആരോപണം ഉയർന്നിരുന്നു.

ആംബുലൻസിൽ മല, മൂത്ര വിസർജനം നടത്തിയതിനെത്തുടർന്ന് എഴുന്നേറ്റു നടക്കാൻ ആവശ്യപ്പെട്ടെങ്കിലും രോഗിക്കു കഴിഞ്ഞില്ല. മദ്യലഹരിയിലായ രോഗി എഴുന്നേൽക്കാതെ വന്നപ്പോൾ സ്ട്രെച്ചറിന്റെ ഒരു ഭാഗം താഴേക്കിട്ടു. മറുഭാഗം വണ്ടിയിൽ തന്നെയായിരുന്നു. രോഗിയെ തലകീഴായി നിർത്തിയ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തി മനോരമ ന്യൂസിനു കൈമാറിയിരുന്നു.

മരിച്ചയാൾക്ക് 40 വയസ്സു തോന്നിക്കും. വലതു കൈത്തണ്ടയിൽ മുറിവിന്റെ പാടുണ്ട്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭ്യമാണെങ്കിൽ 04924–236250 ഫോൺ നമ്പറിൽ അറിയിക്കണമെന്നു നാട്ടുകൽ പൊലീസ് അറിയിച്ചു.

related stories