സ്ഥലം ഏറ്റെടുത്തു നൽകിയാൽ ഒരു വർഷത്തിനുള്ളിൽ പാതയിരട്ടിപ്പിക്കൽ പൂർത്തിയാക്കും: ജനറൽ മാനേജർ

തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകിയാൽ ഒരു വർഷത്തിനുള്ളിൽ ഡിവിഷനിലെ പാതയിരട്ടിപ്പിക്കൽ പൂർത്തിയാക്കാമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ‍.കുൽശ്രേഷ്ഠ. പാതയിരട്ടിപ്പിച്ചാൽ മാത്രമേ പുതിയ ട്രെയിനുകൾക്കു സാധ്യതയുള്ളൂ. സ്ഥലം ഏറ്റെടുക്കുന്നതിൽ സർക്കാരിന്റെ സഹായം തേടിയിട്ടുണ്ടെന്നും തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളിൽ പരിശോധനയ്ക്കെത്തിയ കുൽശ്രേഷ്ഠ പറഞ്ഞു 

കോട്ടയം റൂട്ടിൽ ചങ്ങനാശേരി മുതൽ കുറുപ്പന്തറ വരെയാണ് ഇരട്ടിപ്പിക്കൽ നടക്കുന്നത്. ഇതിൽ ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള ഭാഗത്തു നിർമാണം തുടങ്ങിയിട്ടില്ല. ചേർത്തല റൂട്ടിൽ അമ്പലപ്പുഴ മുതൽ എറണാകുളം വരെ പാതയിരട്ടിപ്പിക്കാനുണ്ട്. പ്രദേശവാസികൾ സ്ഥലം വിട്ടുനൽകാത്തതാണു നിർമാണം വൈകാൻ കാരണം. ഇക്കാര്യത്തിൽ സർക്കാരിന്റ സഹായം തേടിയിട്ടുണ്ടെന്നും ജനറൽ മാനേജർ പറഞ്ഞു.

തിരുവനന്തപുരം സെൻട്രൽ, വർക്കല, കൊല്ലം, കരുനാഗപ്പള്ളി, ചെങ്ങന്നൂർ, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ച അദ്ദേഹം ജീവനക്കാരുമായും യാത്രക്കാരുമായും ചർച്ചകൾ നടത്തി. അടുത്തദിവസം ചീഫ് സെക്രട്ടറിയുമായി റെയിൽവേ വികസന പദ്ധതികളുടെ പുരോഗതി ചർച്ച ചെയ്യും.