താംബരം എക്സ്പ്രസിന് വൻവരവേൽപ്

ബ്രോഡ്ഗേജ് ആക്കിയ കൊല്ലം–ചെങ്കോട്ട പാതയിലൂടെ ചെന്നൈയിലെ താംബരത്തു നിന്നുള്ള എക്സ്പ്രസ് ട്രെയിനിന്റെ കന്നിയാത്ര. തെന്മല പതിമൂന്നുകണ്ണറ പാലത്തിൽ നിന്നുള്ള ദൃശ്യം. ചിത്രം: രാജൻ എം.തോമസ്

കൊല്ലം ∙ കൊല്ലം – ചെങ്കോട്ട പാതയിൽ ഒരു ദശാബ്ദത്തിനു ശേഷം ബ്രോഡ് ഗേജ് ട്രെയിൻ കന്നിയോട്ടം നടത്തി. എല്ലാ സ്റ്റേഷനിലും താംബരം എക്സ്പ്രസിന് വൻവരവേൽപു ലഭിച്ചു. തമിഴ്നാട്ടിലെ താംബരത്തു നിന്നു വെള്ളിയാഴ്ച വൈകിട്ടു പുറപ്പെട്ട എക്സ്പ്രസ് ഇന്നലെ 11നു കൊല്ലത്ത് എത്തി. ഒരു മണിക്കു താംബരത്തേക്കു മടങ്ങി. ഈ മാസം 10നു കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗോഹെൻ പാത ഔദ്യോഗികമായി രാഷ്ട്രത്തിനു സമർപ്പിക്കും. പുനലൂരിലാണു ചടങ്ങ്.

പാതയുടെ നിർമാണം പൂർത്തിയാക്കാൻ മുന്നിട്ടു നിന്ന എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിലായിരുന്നു കന്നിയാത്ര. കൊടിക്കുന്നിൽ സുരേഷ് എംപി, ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം ഡപ്യൂട്ടി ചീഫ് എൻജിനീയർ ശങ്കരനാരായണൻ എന്നിവരും ചെങ്കോട്ട മുതൽ ട്രെയിനിൽ ഉണ്ടായിരുന്നു. മീറ്റർ ഗോജ് പാത ബ്രോഡ് ഗേജ് ആക്കുന്നതിന് ഒരു ദശാബ്ദം മുൻപാണ് കൊല്ലം – ചെങ്കോട്ട മീറ്റർ ഗേജ് പാതയിൽ ട്രെയിൻ സർവീസ് നിർത്തിയത്. ആദ്യ ഘട്ടത്തിൽ പുനലൂർ വരെയാണ് പാത വികസിപ്പിച്ചത്.

നിർമാണം പൂർത്തിയാക്കി 2010 മേയ് 12നു പുനലൂർ വരെ സർവീസ് ആരംഭിച്ചു. ഇതിനു ശേഷമാണ് പുനലൂർ–ചെങ്കോട്ട പാത വികസനം തുടങ്ങിയത്. അതുവരെ ചെങ്കോട്ടയിൽ നിന്നു പുനലൂർ വരെ മീറ്റർ ഗേജ് ട്രെയിൻ ഓടുന്നുണ്ടായിരുന്നു. 2010 സെപ്റ്റംബർ 20നു ചെങ്കോട്ട– പുനലൂർ സർവീസ് നിലച്ചു. നിർമാണം പൂർത്തിയായ ഇടമൺ വരെ 2017 മാർച്ച് 31നു കൊല്ലത്തുനിന്നുള്ള ട്രെയിൻ സർവീസ് നീട്ടി. ഇതിന് ഒരു വർഷം തികഞ്ഞ ദിവസമാണ് ചെങ്കോട്ട – കൊല്ലം കന്നിയാത്ര നടന്നത്. പുനലൂർ – ചെങ്കോട്ട പാതയ്ക്ക് 327.16 കോടി രൂപ ചെലവായി.