Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനമൈത്രി പൊലീസ് ഉന്നതരുടെ പ്രതിച്ഛായ കൂട്ടാൻ: സെൻകുമാർ

Senkumar

തിരുവനന്തപുരം∙ പൊലീസിന്റെ യഥാർഥ ഡ്യൂട്ടി മറികടന്നുള്ള ക്ഷേമ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നു മുൻ ഡിജിപി: ടി.പി.സെൻകുമാർ‌. പൊലീസിന്റെ മോശം പെരുമാറ്റത്തിനു കാരണം അമിത ജോലിഭാരം മൂലം സമചിത്തത നഷ്ടപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജനമൈത്രി പൊലീസ് ഗുണകരമാണോയെന്നു സോഷ്യൽ ഓഡിറ്റ് നടത്തണം. ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിച്ഛായ വർധിപ്പിക്കാൻ മാത്രമേ ഇത്തരം പ്രവൃത്തികൊണ്ടു ഗുണമുള്ളൂ.

ജനമൈത്രി പൊലീസിനെ ഞാൻ എതിർക്കുന്നു. അതല്ല പൊലീസിന്റെ ഡ്യൂട്ടി. 90 ശതമാനം പൊലീസുകാരും ഈ അഭിപ്രായമുള്ളവരാണ്. യഥാർഥ ഡ്യൂട്ടിക്ക് അപ്പുറമുള്ള ക്ഷേമപ്രവർത്തനങ്ങൾ നടത്തുമ്പോൾ ക്രമസമാധാനവും അന്വേഷണവും നടത്താൻ പൊലീസിനു സമയമില്ലാതെ വരും. അങ്ങനെ വരുമ്പോൾ മുന്നിലെത്തുന്ന നിസ്സഹായരോടു പൊലീസ് മോശമായി പെരുമാറുമെന്നും സെൻകുമാർ മനോരമ ന്യൂസിനോടു പറഞ്ഞു.

ജനമൈത്രിക്കു നൽകിയ പകുതി തുകയെങ്കിലും പൊലീസ് സ്റ്റേഷനിൽ അനുവദിച്ചിരുന്നെങ്കിൽ നാട്ടുകാരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാമായിരുന്നു. മൃതദേഹത്തെ മറയ്ക്കാനുള്ള തുണിക്കുള്ള കാശുപോലും നാട്ടുകാരിൽനിന്നു വാങ്ങേണ്ട ഗതികേടിലാണു പൊലീസ്. കേസുകളുടെ എണ്ണം തികയ്ക്കാൻ പൊലീസുകാർക്കു ടാർഗറ്റുണ്ട്. ഇത്ര കേസ് പിടിക്കാൻ പറയുമ്പോൾ പിന്നെ ഉദ്യോഗസ്ഥർ അതു മാത്രം പിടിക്കാൻ നിർബന്ധിതരാകും. അതോടെ നിരപരാധികൾ പോലും പീഡിപ്പിക്കപ്പെടും. ജില്ലാതലത്തിലാണു ടാർഗറ്റ് നൽകുക.

ഡിജിപിയായിരുന്നപ്പോൾ ഇക്കാര്യം ശ്രദ്ധയിൽപെട്ടപ്പോൾ കർശനമായി വിലക്കിയിരുന്നു. ആക്‌ഷൻഹീറോ ബിജുമാർ നല്ലവരാണ്. അവർ ജനങ്ങൾക്കു ഗുണം ചെയ്യുന്നവരാണ്. അവരെ വളർത്താനാണു ശ്രമിക്കേണ്ടത്. പരിശീലനത്തെക്കാൾ ഭേദം ജോലിഭാരം കുറച്ചും ആവശ്യത്തിനു ജീവനക്കാരെ നൽകിയും പൊലീസിനെ നവീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.